ഭരണഘടനയുടെ എഴുപത്തിയാറാം വാര്‍ഷികം ആഘോഷിച്ച് രാജ്യം. പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹോളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു. അടിമത്ത മനോഭാവത്തെ തിരസ്കരിക്കുന്നതാണ് ഭരണഘടനയെന്നും ലോകത്തിന് മുന്നില്‍ ഇന്ത്യ വികസനത്തിന്‍റെ പുതിയ മാതൃക സൃഷ്ടിക്കുകയാണെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പങ്കെടുത്തു. സുപ്രീംകോടതിയില്‍ നടന്ന ചടങ്ങുകള്‍ക്ക് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നല്‍കി.
76 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യം ഭരണഘടന അംഗീകരിച്ച അതേ പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഒരിക്കല്‍കൂടി അംഗങ്ങള്‍ ആമുഖം ഏറ്റുചൊല്ലി. ഭരണഘടനയിലൂന്നി രാജ്യം നടത്തിയ മുന്നേറ്റങ്ങള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു എടുത്തുപറഞ്ഞു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതും സാമൂഹിക നീതിക്ക് ഉദാഹരണമാണ്. സാമൂഹികവും വ്യക്തിപരവുമായ ഉയര്‍ച്ച ഭരണഘടന ഉറപ്പാക്കുന്നു എന്നും ദ്രൗപതി മുര്‍മു
ജനാധിപത്യം ഇന്ത്യക്ക് പുതിയ ആശയമല്ലെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍. ഭരണഘടനയാണ് രാജ്യത്തെ മുന്നോട്ടു നയിക്കുന്നതെന്നു ലോക്സഭ സ്പീക്കര്‍ ഓംബിര്‍ലയും പറഞ്ഞു. മലയാളവും കശ്മീരിയും അടക്കം ഒന്‍പത് ഭാഷകളില്‍ ഭരണഘടനയുടെ പതിപ്പ് രാഷ്ട്രപതി പുറത്തിറക്കി. ഉപരാഷ്ട്രപതിയുടെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെയും സത്യപ്രതിജ്ഞ ചടങ്ങില്‍നിന്ന് വിട്ടുനിന്നതിന്‍റെ പേരില്‍ വിമര്‍ശനം കേട്ട രാഹുല്‍ ഗാന്ധി ഭരണഘടനാ ദിനാചരണ ചടങ്ങില്‍ സജീവമായി പങ്കെടുത്തു.
സുപ്രീംകോടതിയിലെ ഭരണഘടനാ ദിനാചരണത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, മറ്റ് ജഡ്ജിമാര്‍, കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ എന്നിവർ പങ്കെടുത്തു. നടപടികള്‍ വീക്ഷിക്കാന്‍ ആറ് രാജ്യങ്ങളിലെ ജഡ്ജിമാര്‍ കോടതിയില്‍ എത്തി.