volcanic-eruption-2

​ഇത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനം വിമാനസര്‍വീസുകളെ ബാധിച്ചതുമൂലം പ്രതിസന്ധിയിലായി കൊച്ചിയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍. 187 തീര്‍ഥടകരുമായി കൊച്ചിയില്‍ നിന്ന് ജിദ്ദയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന അകാശ എയര്‍ വിമാനം ഇന്നലെ റദ്ദാക്കിയിരുന്നു. എന്നാല്‍ കൃത്യമായ അറിയിപ്പുകള്‍ ലഭിക്കാതെ ബോര്‍ഡിങ് പാസുമായി പുലര്‍ച്ചെ മൂന്നുവരെ തീര്‍ഥാടകര്‍ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിവന്നു. താമസ സൗകര്യമോ, ഭക്ഷണമോ വിമാനകമ്പനി ഏര്‍പ്പെടുത്തിയില്ല. വിമാനസര്‍വീസ് പുന:ക്രമീകരിച്ചതിനെക്കുറിച്ച് ഇതുവരെയും അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് തീര്‍ഥാടകര്‍ പറയുന്നു. പലരും സ്വന്തം നിലയിലാണ് താമസസൗകര്യം ക്രമീകരിച്ചത്. കൊച്ചിയില്‍ നിന്ന് ദുബൈയിലേയ്ക്കും തിരിച്ചുമുള്ള ഇന്‍ഡിഗോ വിമാന സര്‍വീസും ഇന്നലെ റദ്ദാക്കിയിരുന്നു. 

​ഇത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെ തുടർന്നുള്ള കരിമേഘപടലത്തില്‍ പ്രതിസന്ധിയിലായി ഇന്ത്യയിലെ വ്യോമ ഗതാഗതം.  ഉത്തരേന്ത്യന്‍ ആകാശത്ത് വ്യാപിച്ച ചാരമേഘം കാരണം ഇരുപതിലേറെ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചാര മേഘം ഇന്ന് രാത്രിയോടെ ചൈനയിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍.  മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍നീങ്ങുന്ന കരിമേഘപടലം ഇന്നലെ രാത്രിയോടെ  രാജസ്ഥാനുമുകളിലെത്തിയിരുന്നു.  അടുത്തമണിക്കൂറുകളില്‍ ഹരിയാന, ഡൽഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു.  

ഇന്ന് രാത്രിയോടെ ചൈന മേഖലയിലേക്ക് നീങ്ങുമെന്നാണ് നിഗമനം.  25,000 അടിയിലേറെ ഉയരത്തിലുള്ള ചാരമേഘങ്ങള്‍ ഇന്ത്യയില്‍ നിലവില്‍ മനുഷ്യര്‍ക്ക് വായുനിലവാര പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ലെങ്കിലും വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു.  കൊച്ചിയില്‍നിന്ന് ഇന്നലെ ജിദ്ദയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയര്‍ വിമാനം റദ്ദാക്കിയതോടെ ഉംറ തീര്‍ഥടകര്‍ പ്രതിസന്ധിയിലായി. 187 തീര്‍ഥാടകരാണ് ബോര്‍ഡിങ് പാസുമായി പുലര്‍ച്ചെ മൂന്നുവരെ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിവന്നത്.  ആലപ്പുഴയില്‍നിന്നുള്ള 32 തീര്‍ഥാടകരും വലഞ്ഞു.

ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് ഏഴ് ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ റദ്ദാക്കി.  എയര്‍ ഇന്ത്യ ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളില്‍നിന്നായി നാല് ആഭ്യന്തര സർവീസുകളും ഇന്ന് റദ്ദാക്കി.  ഇന്നലെ കരിമേഖ പടലങ്ങൾ ബാധിച്ച മേഖലയിലൂടെ പറന്ന വിമാനങ്ങളില്‍ സുരക്ഷ പരിശോധനയ്ക്കായാണ് എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കിയത്.  ഒട്ടേറെ സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു.  റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ബദല്‍ ക്രമീകരണമൊരുക്കുമെന്ന് വിമാന കമ്പനികൾ അറിയിച്ചു.  കരിമേഘപടലം വിമാന എഞ്ചിനുകൾക്ക് കേടുപാടുണ്ടാക്കുമെന്നും ദൃശ്യപരതയെ ബാധിക്കുമെന്നുമാണ് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ വിമാനക്കമ്പനികൾക്ക് നൽകിയ സുരക്ഷാനിർദേശം.

ENGLISH SUMMARY:

Flight disruptions caused by the Ethiopian volcanic eruption have left 187 Umrah pilgrims stranded at Kochi airport after their Kochi–Jeddah flight was cancelled. Passengers reported lack of food and accommodation from the airline. The ash cloud has spread across northern India, affecting Delhi flight operations, leading to cancellations and delays. The IMD says the ash is moving toward China and will exit Indian airspace by Tuesday evening.