ഇന്ത്യ ഹിന്ദുരാഷ്ട്രവും ഇന്ത്യക്കാര്‍ ഹിന്ദുസമൂഹവുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്നലെ ഉത്തര്‍പ്രദേശില്‍ വച്ചു നടന്ന ‘ദിവ്യ ഗീത പ്രേരണ ഉത്സവ’ ത്തോടനുബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാര്‍ ഭഗവദ്ഗീതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ധര്‍മ്മം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കണമെന്നും മോഹന്‍ ഭാഗവത് പറയുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഭഗവദ്ഗീതയിലെ വാക്കുകള്‍ കാലാതീതവും എന്നും പ്രസക്തവുമാണ്, നമ്മുടെ രാജ്യം ഒരുകാലത്ത് ലോകത്തിന്റെ വിശ്വഗുരുവായിരുന്നു, ലോകത്തിന് വലിയ താങ്ങായിരുന്നു , 1000 വർഷത്തോളം നമ്മള്‍ അധിനിവേശക്കാരുടെ കാൽക്കീഴിലാക്കപ്പെട്ടു. അടിമത്തത്തിൽ ജീവിക്കേണ്ടി വന്നു. ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. നിർബന്ധിത മതപരിവർത്തനങ്ങൾ സംഭവിച്ചു. എന്നാല്‍ അധിനിവേശത്തിന്റെ ആ നാളുകൾ കഴിഞ്ഞുപോയെന്നും രാമക്ഷേത്രത്തിൽ പതാക ഉയർത്താൻ പോകുന്നുവെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.
ഭഗവദ്ഗീത മനസിരുത്തി ഓരോ തവണ വായിക്കുമ്പോഴും പുതിയ പുതിയ പാഠങ്ങളും അറിവുകളുമാണ് പകര്‍ന്നു കിട്ടുന്നത്. എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും ദിശാബോധം നല്‍കുന്ന ശ്ലോകങ്ങളാണിതിലുള്ളതെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കുന്നു. പാരമ്പര്യങ്ങളില്‍ അധിഷ്ഠിതമായ ലോകത്തിനായുള്ള ശരിയായ പാത ഇന്ത്യക്ക് മാത്രമേയുള്ളൂവെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ക്കുന്നു.