AI Generated Image

ഉത്തർപ്രദേശിലെ ഭാഗ്പതിൽ വിവാഹാഘോഷങ്ങൾക്കിടെയുണ്ടായ അപകടം നാടിനെ കണ്ണീരിലാഴ്ത്തി. വിവാഹത്തിന് തൊട്ടുമുമ്പ് അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് വരനായ സുബോധ് കുമാർ മരിച്ചു. ബിനൗലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പിച്ചോക്ര ഗ്രാമവാസിയായ സുബോധ് ഞായറാഴ്ച രാത്രിയാണ് വിവാഹസംഘത്തോടൊപ്പം ഗ്രാമത്തിൽ എത്തിയത്. ലഘുഭക്ഷണത്തിനും അത്താഴത്തിനുമായി പഞ്ചായത്ത് ഹൗസിൽ വാഹനം നിർത്തി.

ഛർദ്ദിക്കാൻ തോന്നിയതിനെ തുടർന്ന് സുബോധ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു. റോഡരികിൽ ഛര്‍ദിക്കുന്നതിനിടെ എതിരെ വന്ന നിയന്ത്രണം വിട്ട ട്രക്ക് സുബോധിനെ ഇടിക്കുകയായിരുന്നു. വാഹനത്തിനടിയിൽ പെട്ട സുബോധിനെ മീറ്ററുകളോളം വലിച്ചിഴച്ച ശേഷം വാഹനം നിർത്താതെ പോയി. ഉടൻ തന്നെ അതിഥികൾ സുബോധിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ബിനൗലി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ട്രക്ക് ഡ്രൈവറെ കണ്ടെത്താൻ ഹൈവേയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കുടുംബത്തിന്‍റെ പരാതിയില്‍ കേസെടുത്ത് തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഛർദ്ദിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് അമിതവേഗതയിലെത്തിയ ട്രക്ക് സുബോധിനെ ഇടിച്ചതെന്ന് ബന്ധുവായ സുഖ്പാൽ സിംഗ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ സുബോധിന് ജീവനുണ്ടായിരുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു. 

ENGLISH SUMMARY:

Uttar Pradesh accident claims groom's life in Bagpat. A speeding truck struck and killed the groom, Subodh Kumar, during his wedding celebrations, leaving the community in mourning.