പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ 12 ബില്ലുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ആണവ വൈദ്യുതി പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്ന ആണവോര്‍ജ ബില്‍ ആണ് ഇതില്‍ പ്രധാനം. ഡിസംബര്‍ ഒന്നുമുതല്‍ 19 വരെയാണ് ശീതകാല സമ്മേളനം.
അതീവ നിയന്ത്രണമുള്ള ആണവ വൈദ്യുതി പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുള്ള ബില്‍ കടുത്ത പ്രതിഷേധമുയര്‍ത്താന്‍ സാധ്യതയുണ്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്ന ഇന്‍ഷുറന്‍സ് നിയമസഭേദഗതി ബില്‍, സര്‍വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വയംഭരണത്തിന് പ്രാപ്തമാക്കാന്‍ ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്നത വിദ്യാഭ്യാസ കമ്മിഷന്‍ ബില്‍, കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിനെ സ്വതന്ത്ര അഡ്മിനിസ്ട്രേറ്റര്‍ക്കു കീഴിയില്‍ കൊണ്ടുവരുന്ന 131 ആം ഭരണഘടന ഭേദഗതി ബില്‍ എന്നിവയും ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
19 ദിവസമാണ് സമ്മേളന കാലാവധിയെങ്കിലും അവധികള്‍ ഒഴിവാക്കിയാല്‍ 15 ദിവസമേ സഭ ചേരൂ. ഓപ്പറേഷന്‍ സിന്ദൂരിലെ യു.എസ്. ഇടപെടല്‍, എസ്.ഐ.ആര്‍ എന്നിവയില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടാല്‍ സഭാ നടപടികള്‍ സംഘര്‍ഷഭരിതമാകും.