rekha-jhunjhunwala

Image Credit: X

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാറിന്‍റെ ബില്ലിന് മുന്‍പ് ഗെയിമിങ് കമ്പനിയായ നസാര ടെക്നോളജീസ് ഓഹരികള്‍ വിറ്റൊഴിഞ്ഞ് പ്രമുഖ നിക്ഷേപക രേഖ ജുന്‍ജുന്‍വാല. 7.06 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്ന രേഖ ബില്‍ അവതരിപ്പിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് ഓഹരി പൂര്‍ണമായും വിറ്റൊഴിഞ്ഞത്. ബില്‍ നിയമമായതിന് പിന്നാലെ അഞ്ചു ദിവസത്തിനിടെ 22 ശതമാനത്തോളം ഓഹരി വില ഇടിഞ്ഞു. 1392 രൂപ നിലവാരത്തിലായിരുന്ന ഓഹരി നിലവില്‍ 1091 രൂപയിലാണ് വ്യാപാരം. 

പണം വച്ചുള്ള ഓൺലൈൻ ഗെയിമിങ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ദ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ബിൽ. കഴിഞ്ഞാഴ്ച ലോക്സഭയും രാജ്യസഭലും പാസാക്കിയ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരവും നൽകി. ഇതാണ് നസാര ടെക്നോളജീസ്, ഡ്രീം ഇലവന്‍ അടക്കമുള്ള റിയല്‍ മണി ഗെയിമിങ് ആപ്പുകള്‍ക്ക് തിരിച്ചടിയായത്. 

ഗെയിമിങ് കമ്പനിയായ നസാറ ടെക്നോളജിയുടെ 61.8 ലക്ഷം ഓഹരികളാണ് രേഖ ജുന്‍ജുന്‍വാലയുടെ കയ്യിലുണ്ടായിരുന്നത്. ബില്‍ ചര്‍ച്ചയാകുന്നതിന് മുന്‍പ് ജൂണ്‍ പാദത്തില്‍ തന്നെ രേഖ ജുന്‍ജുന്‍വാല ഈ ഓഹരികള്‍ പൂര്‍ണമായും വിറ്റൊഴിവാക്കി. ഏകദേശം 1,225 രൂപയാണ് ഇവരുടെ ഹോള്‍ഡിങിന്‍റെ ശരാശരി വില. ഇപ്രകാരം 334 കോടി രൂപയാണ് ഓഹരിയില്‍ നിന്നുണ്ടാക്കിയ ലാഭം. 

രേഖയുടെ ഇടപാട് ഇന്‍സൈഡര്‍ ട്രേഡിങാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ആരോപിച്ചു. അമേരിക്കയിലാണെങ്കില്‍ വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റി എക്സ്ചേഞ്ച് കമ്മിഷന്‍ ഇതിനകം രേഖയ്ക്കെതിരെ അന്വേഷണം തുടങ്ങുമായിരുന്നുവെന്നും ഇവിടെ ഭക്തര്‍ കയ്യടിക്കുകയും സെബി ഉറങ്ങുകയാണെന്നും മഹുവ മൊയ്ത്ര കുറിച്ചു. 

കമ്പനിയുമായി ബന്ധപ്പെട്ടതും ഓഹരി വിലയെ ബാധിക്കുന്നതും, പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാത്തതുമായ  വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്ത് ലാഭമുണ്ടാക്കുന്ന ഇടപാടാണ് ഇന്‍സൈഡര്‍ ട്രേഡിങ്. വിപണിയുടെ നീതിയുക്തമായ ഇടപാടിനെ ഇല്ലാതാക്കുകയും നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്യുന്നതിനാല്‍ ഈ രീതി നിയമപ്രകാരം വിലക്കിയിട്ടുണ്ട്. 

റെയര്‍ എന്‍റര്‍പ്രൈസ് എന്ന അസറ്റ് മാനേജ്മെന്‍റ് കമ്പനിയുടെ സഹസ്ഥാപകയാണ് രേഖ ജുന്‍ജുന്‍വാല. ഈ കമ്പനി വഴിയാണ് രേഖയുടെ ഇടപാട്. രേഖയുടെ ഭര്‍ത്താവ് രാകേഷ് ജുന്‍ജുന്‍വാലയുടെ കാലത്ത് നസാര ടെക്നോളജീസില്‍ റെയര്‍ എന്‍റര്‍പ്രൈസിന് 10.82 ശതമാനം വരെ ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. രാകേഷിന്‍റെ മരണശേഷം രേഖയാണ് കമ്പനി നടത്തുന്നത്. ഏകദേശം 25 ലിസ്റ്റഡ് കമ്പനികളിലായി 40,000 കോടി രൂപയുടെ നിക്ഷേപമാണ് റെയര്‍ എന്‍റര്‍പ്രൈസിനുള്ളത്. 

രേഖ ജുന്‍ജുന്‍വാലയെ കൂടാതെ മുതിര്‍ന്ന നിക്ഷേപകന്‍ മധുസൂദനന്‍ കേല (10.96 ലക്ഷം ഓഹരി), സെറോദ സഹ സ്ഥാപകന്‍ നിഖില്‍ കാമത്ത് (15.04 ലക്ഷം ഓഹരികള്‍) തുടങ്ങിയവര്‍ക്കും നസാരയില്‍ ഓഹരി പങ്കാളിത്തമുണ്ട്. ഇവര്‍ ഓഹരി നിക്ഷേപം പിന്‍വലിച്ചോ എന്നതില്‍ വ്യക്തതയില്ല. 

ENGLISH SUMMARY:

Online gaming bill sparks controversy after Rekha Jhunjhunwala sells Nazara Technologies shares before the bill's enactment. The stock price of Nazara Technologies plummeted following the implementation of the online gaming bill in India, raising concerns about insider trading.