ഡല്‍ഹി ചെങ്കോട്ട സ്ഫോടനക്കേസില്‍ സുപ്രധാന വിവരങ്ങള്‍ പുറത്ത്. ഭീകരസംഘത്തിലെ അംഗത്തിന് വിദേശത്തുള്ള ഒരാൾ ബോംബ് നിർമാണ വിഡിയോ അയച്ചുകൊടുത്തതിന്‍റെ തെളിവുകളാണ് ലഭിച്ചത്. ഇത്തരത്തിലുള്ള  42 വിഡിയോകള്‍ സ്ഫോടനക്കേസ് പ്രതി ഡോ. മുസമ്മലിനാണ് ലഭിച്ചത്. ഹൻസുള്ള എന്ന ആളാണ് വിഡിയോ അയച്ചതെന്നാണ് വിവരം. സ്ഫോടനത്തില്‍ ഹൻസുള്ള, നിസാർ, ഉകാസ എന്നിവരുടെ പങ്കും പരിശോധിക്കുന്നുണ്ട്.

Also Read: അഫ്ഗാനിസ്ഥാനില്‍ നിന്നും ഭീകരര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചു; വിദേശബന്ധത്തിന് കൂടുതല്‍ തെളിവ്


ചെങ്കോട്ട സ്ഫോടനത്തിലെ വിദേശബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍, വിദേശത്തുനിന്ന് മെഡിക്കല്‍ ബിരുദം നേടി രാജ്യത്ത് ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. കേസില്‍ എന്‍.ഐ.എ നാലുപേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. 

അഫ്ഗാനിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും വൈറ്റ് കോളര്‍ ഭീകര സംഘത്തിന് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഫൈസല്‍ ഇഷാഖ് ഭട്ട്, ഡോ. ഉകാസ, ഹാഷിം എന്നിവര്‍ നിരന്തരം ഡോ. ഉമര്‍ നബി അടക്കമുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. ഫൈസല്‍ ഇഷാഖ് ഭട്ട് അഫ്ഗാനിലും ഉകാസ പാക് അധീന കശ്മീരിലുമാണ്. ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റുചെയ്ത ഡോ. മുസമ്മില്‍, ഡോ. അദീല്‍ റാത്തര്‍, ഡോ. ഷഹീന്‍ ഷഹീദ്, മുഫ്തി ഇര്‍ഫാന്‍ അഹമ്മദ് എന്നിവരെ എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

വൈറ്റ് കോളര്‍ ഭീകരസംഘത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തേടിയുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് വിദേശത്തുനിന്ന് മെഡിക്കല്‍ ബിരുദം നേടിയവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ചൈന, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്ന് ബിരുദം നേടി രാജ്യത്ത് ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളോട് അന്വേഷണ സംഘം നിര്‍ദേശിച്ചു. അതിനിടെ അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ മധ്യപ്രദേശിലെ മൗവിലെ കുടുംബവീട് ഭൂമികയ്യേറ്റം ആരോപിച്ച് പൊളിച്ചുനീക്കാന്‍ അധികൃതര്‍ നോട്ടിസ് നല്‍കി.

ENGLISH SUMMARY:

Delhi Blast Investigation reveals foreign links. Investigation reveals that someone sent bomb-making videos to a doctor linked to a terrorist group, prompting a wider investigation into medical professionals with foreign degrees.