delhi-student-suspension

ഡൽഹിയിലെ മെട്രോ സ്റ്റേഷന്‍റെ പ്ലാറ്റ് ഫോമില്‍ നിന്ന് ചാടി ജീവനൊടുക്കിയ പത്താംക്ലാസ് വിദ്യാര്‍ഥി കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി സഹപാഠികള്‍. സെന്‍റ് കൊളംബസ് സ്കൂളിലെ പതിനാറുകാരനായ ശൗര്യ പാട്ടീലാണ് അധ്യാപകരുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. മരണത്തിന് തൊട്ടുമുന്‍പുള്ള മണിക്കൂറുകളിലും കുട്ടി കടുത്ത പിരിമുറുക്കത്തിലായിരുന്നുവെന്നും ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകള്‍ അവനില്‍ ഉണ്ടായിരുന്നുവെന്നും സഹപാഠികള്‍ വെളിപ്പെടുത്തി. അധ്യാപകര്‍ ‘ബോഡി ഷെയിമിങ്’ നടത്തുകയും അവഹേളിക്കുകയും ചെയ്തിരുന്നതായും നൃത്തപരിശീലനത്തിനിടെ ഒരു അധ്യാപകന്‍ കുട്ടിയെ പരസ്യമായി പരിഹസിച്ചിരുന്നെന്നും ശൗര്യയുടെ സഹപാഠികള്‍ പറഞ്ഞു.

4 മുതൽ 10 വരെ ക്ലാസുകളിലെ പ്രധാനാധ്യാപിക അപരാജിത പാലിന്‍റെ സാന്നിധ്യത്തിലായിരുന്നു കുട്ടിയെ അപമാനിച്ചത്. ക്സാസില്‍ എന്തെങ്കിലും പ്രതികരിച്ചാല്‍ ‘നിങ്ങള്‍ക്ക്  മര്യാദയില്ല’ എന്ന് പറയുകയും മര്യാദ പഠിക്കാത്തതിന് മാതാപിതാക്കളെ വിമര്‍ശിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. കുട്ടി വളരെ വികൃതിയാണെന്നും മിമിക്രി കാണിച്ച് അധ്യാപകരെ കളിയാക്കാറുണ്ടെന്ന് ടീച്ചര്‍ തങ്ങളോട് പരാതിപ്പെട്ടിട്ടുണ്ടെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. തന്‍റെ മകന്‍റെ മരണശേഷം സ്കൂള്‍ പ്രിന്‍സിപ്പല്‍ തന്നെ വിളിച്ച് ‘നിങ്ങള്‍ക്ക് എന്ത് സഹായം വേണമെങ്കിലും അറിയിക്കൂ, ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കും ’ എന്ന് പറഞ്ഞതായും എന്നാല്‍ ‘എനിക്ക് എന്‍റെ മകനെ തിരികെ വേണ’മെന്ന്  മറുപടി പറഞ്ഞതായും ശൗര്യയുടെ പിതാവ് പറഞ്ഞു. 

പത്താംക്ലാസ് കഴിഞ്ഞാല്‍ മകനെ സ്കൂള്‍ മാറ്റാന്‍ ഒരുങ്ങുകയായിരുന്നുവെന്നും മകനും അതിനായി കാത്തിരിക്കുകയായിരുന്നുവെന്നും 16കാരന്‍റെ പിതാവ് വെളിപ്പെടുത്തി. ശൗര്യ പാട്ടീലിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ ചില അധ്യാപകരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെയും മൂന്ന് അധ്യാപകരെയും സസ്പെന്‍ഡ് ചെയ്തു.

ENGLISH SUMMARY:

Student suicide in Delhi highlights the issue of teacher harassment and body shaming in schools. The tenth-grade student, facing immense pressure, took his life at a metro station, leading to the suspension of the principal and three teachers