ബിഹാറില്‍ രാത്രി പട്രോളിംങിനിടെ ഗര്‍ഭിണിയായ യുവതിയെ ബൈക്കില്‍ വലിച്ചിഴയ്ക്കുന്ന വിഡിയോ വൈറലാകുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ബൈക്കിനു മുന്നില്‍ കയറി നിന്ന യുവതിയെ, യൂണിഫോമിലുള്ള ഒരു പൊലീസുകാരൻ വലിച്ചിഴയ്ക്കുന്നതായി കാണാം. ഇന്ത്യൻ യൂത്ത് കോൺഗ്രസാണ് വിഡിയോ എക്സിലൂടെ പുറത്ത് വിട്ടത്. പട്നയിലെ മറൈൻ ഡ്രൈവിലാണ് സംഭവം.

യുവതി പൊലീസുകാരന്‍ കയറിയിരിക്കുന്ന സ്കൂട്ടറിന് മുന്നിൽ നിൽക്കുന്നതും അയാൾ മുന്നോട്ട് പോകുന്നത് തടയാൻ ശ്രമിക്കുന്നതും കാണാം. പിന്നാലെ ഇയാള്‍ സ്കൂട്ടർ മുന്നോട്ടെടുക്കുന്നു. യുവതി മാറാതിരിക്കുകയും സ്കൂട്ടറിന് മുന്നിലായി യുവതിയെ അല്‍പദൂരം വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. യുവതി എത്ര പറഞ്ഞിട്ടും ഉദ്യോഗസ്ഥന്‍ സ്കൂട്ടര്‍ നിര്‍ത്താന്‍ തയ്യാറായിരുന്നില്ല. പിന്നാലെ മറ്റൊരു പൊലീസുകാരൻ എത്തിയാണ് രംഗം ശാന്തമാക്കുന്നത്. തുടര്‍ന്ന് സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ കയറി പോകാന്‍ തുടങ്ങുമ്പോളും ഉദ്യോഗസ്ഥനും യുവതിയും വാഗ്വാദം തുടരുന്നതും വിഡിയോയിലുണ്ട്.

സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. നിയമപ്രകാരം ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും അയാളുടെ പ്രവൃത്തികൾക്ക് അയാള്‍ ശിക്ഷിക്കപ്പെടണമെന്നും നെറ്റിസണ്‍സ് വിഡിയോക്ക് താഴെ കുറിച്ചു. സാധാരണക്കാരെ പൊലീസ് ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്ന് മറ്റൊരാളും കുറിച്ചു. എവിടെയും ആരും സുരക്ഷിതരല്ല എന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തത്. പൊലീസിന് തന്നെ നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണുണ്ടായതെന്നും വിമര്‍ശനം ഉയര്‍ന്നു.

രോഷം കനത്തതിന് പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി പട്ന പൊലീസും രംഗത്തെത്തി. കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് എക്സില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു. വിഡിയോ അന്വേഷണത്തിന്‍റെ ഭാഗമായ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു. മുന്‍പ് ബിഹാര്‍ പൊലീസ് തന്നെ തടഞ്ഞുനിർത്തി, അധിക്ഷേപിച്ചെന്നും യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ചെന്നും ആരോപിച്ച് ഒരു ബൈക്ക് യാത്രികനും രംഗത്തെത്തിയിരുന്നു.

ENGLISH SUMMARY:

A video shared by the Indian Youth Congress on X shows a pregnant woman being dragged by a uniformed police officer on a scooter during night patrolling on Patna's Marine Drive. The woman was attempting to block the officer from moving forward, but he accelerated, dragging her a short distance. The incident has caused massive outrage on social media, with netizens demanding immediate action against the officer for the inhumane act. Patna Police acknowledged the incident and stated that a detailed investigation is underway to take appropriate action.