വന്യജീവി ആക്രമണത്തെ തുടര്‍ന്നുണ്ടാകുന്ന കൃഷിനാശത്തിന് ഇനിമുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷുറന്‍സ്. പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയില്‍ വന്യജീവി ആകമ്രണവും ഉള്‍പ്പെടുത്താന്‍ കേന്ദ്ര കൃഷി മന്ത്രാലയം തീരുമാനിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള നെല്‍ക്കൃഷി നാശവും പദ്ധതിയുടെ ഭാഗമാക്കി. കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനം അടുത്തവര്‍ഷം മുതല്‍ പ്രാബല്യത്തിലാവും.
പ്രകൃതി ദുരന്തങ്ങളും കീടാണുക്കളും കാരണം ഉണ്ടാകുന്ന കൃഷിനാശത്തിന് ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ഫസല്‍ ബീമ യോജന. ഇതില്‍ പ്രാദേശിക റിസ്ക് വിഭാഗത്തില്‍ ആണ് ഇപ്പോള്‍ വന്യജീവി ആക്രമണത്തെ തുടര്‍ന്നുണ്ടാകുന്ന കൃഷിനാശം ഉള്‍പ്പെടുത്തിയത്. വിളനാശത്തിന് കാരണമായ മൃഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നോട്ടിഫൈ ചെയ്യണം. നിലവിലുള്ള ഡേറ്റ അടിസ്ഥാനമാക്കി വന്യജീവി ആക്രമണം രൂക്ഷമായ ജില്ലകള്‍ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് യൂണിറ്റുകള്‍ ഏതെന്നും സംസ്ഥാനങ്ങള്‍ അറിയിക്കണം. വിളനാശമുണ്ടായാല്‍ 72 മണിക്കൂറിനകം കര്‍ഷകര്‍ വിള ഇന്‍ഷൂറന്‍സ് ആപ്പില്‍ ജിയോടാഗ് ചെയ്ത ചിത്രങ്ങള്‍ സഹിതം നഷ്ടം രേഖപ്പെടുത്തണം.
വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള നെല്‍ക്കൃഷി നാശം നേരത്തെ ഫസല്‍ ബീമ യോജനയുടെ ഭാഗമായിരുന്നെങ്കിലും 2018 ല്‍ സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കിയിരുന്നു. കൃഷി വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശകളെ തുടര്‍ന്നാണ് വീണ്ടും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കേരളത്തിന് വലിയ ആശ്വാസമാകുന്ന തീരുമാനമാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്‍റേത്.