Image Credit: x

ചെങ്കോട്ടയില്‍ 13 പേരുടെ ജീവനെടുത്ത ചാവേര്‍ ആക്രമണം നടത്തിയ ഡോക്ടര്‍ ഉമര്‍ നബി, ചാവേര്‍ ആക്രമണത്തെ ന്യായീകരിച്ച് സംസാരിക്കുന്ന വിഡിയോ പുറത്ത്. സ്വയം റെക്കോര്‍ഡ് ചെയ്ത വിഡിയോ രണ്ട് മാസം മുന്‍പ് ചിത്രീകരിച്ചതാണെന്നാണ് എന്‍ഐഎ കരുതുന്നത്. ചാവേര്‍ സ്ഫോടനമെന്നത് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട വാക്കാണെന്നാണ് ടെലഗ്രാമിലൂടെ ഉമര്‍ നബി പങ്കുവച്ച വിഡിയോയുടെ ഉള്ളടക്കം. ഒരു നിശ്ചിത സമയത്ത്, ഒരു നിശ്ചിത സ്ഥലത്ത് മരിക്കാന്‍ ഒരാള്‍ തയാറെടുക്കുന്നത് രക്തസാക്ഷിത്വം വരിക്കലാണെന്നും ഉമര്‍ നബി വിശദീകരിക്കുന്നു. ' ഈ ചാവേര്‍ ബോംബാക്രമണം എന്ന ആശയം തന്നെ അങ്ങേയറ്റം തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന ഒന്നാണ്. സത്യത്തില്‍ അത് രക്തസാക്ഷിത്വ ദൗത്യമാണ്. അങ്ങനെയാണ് ഇസ്​ലാമില്‍ അത് അര്‍ഥമാക്കുന്നത്. ഇന്നതിന് വിരുദ്ധമായ ഒട്ടേറെ വാദങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്ത് വച്ച്, പ്രത്യേക സമയത്ത് തീര്‍ത്തും പ്രത്യേകമായ സാഹചര്യത്തില്‍ ഒരാള്‍ മരിക്കുമെന്ന് ഉറപ്പിക്കുകയും അങ്ങനെ ചെയ്യുന്നതുമാണത്' എന്നാണ് വിഡിയോയില്‍ പറയുന്നത്. നല്ല ഒഴുക്കൊത്ത ഇംഗ്ലിഷിലാണ് ഉമര്‍ നബിയുടെ സംസാരം.

ഫരീദാബാദിലെ വൈറ്റ് കോളര്‍ സംഘത്തിന്‍റെ തലവന്‍ തന്നെ ഉമര്‍ ആയിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണങ്ങളില്‍ നിന്ന് തെളിയുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടരായവരില്‍ തീവ്ര ആശയങ്ങള്‍ കൂടുതലായി അടിച്ചേല്‍പ്പിക്കുന്നതിനായാണ് ഉമര്‍ നബി ഇത്തരം വിഡിയോകള്‍ ചെയ്തിരുന്നത്. 

പുല്‍വാമയിലെ കോയ്ല്‍ ഗ്രാമവാസിയാണ് ഡോക്ടര്‍ ഉമര്‍നബി. തീര്‍ത്തും ശാന്തനും അന്തര്‍മുഖനുമായ ഉമര്‍നബി ഒരു പുസ്തകപ്പുഴവായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മാസങ്ങള്‍ കൊണ്ടാണ് ഉമറിന്‍റെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായതെന്ന് പൊലീസ് പറയുന്നു. ആശുപത്രിയില്‍ നിന്നും സര്‍വകലാശാലയിലെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒക്ടോബര്‍ 30 മുതല്‍ ഉമര്‍ ഉഴപ്പിത്തുടങ്ങിയിരുന്നുവെന്നും ഫരീദാബാദില്‍ നിന്നും ഡല്‍ഹിയിലേക്കും തിരിച്ചും പതിവായി സഞ്ചരിച്ചുവെന്നും രാംലീല മൈതാനത്തിനും സനേരി മസ്ജിദിനുമടുത്തുള്ള പള്ളികളില്‍ പതിവായെത്തിയെന്നും പൊലീസ് പറയുന്നു. ഫരീദാബാദില്‍ ജമ്മു പൊലീസ് നടത്തിയ  പരിശോധനയ്ക്ക് പിന്നാലെയാണ് ഉമര്‍ നബി ഒളിവില്‍ പോയത്. 2900 കിലോ അമോണിയം നൈട്രേറ്റാണ് ഉമര്‍ നബിയുടെ സുഹൃത്തായ ഡോക്ടറില്‍ നിന്നും പൊലീസ് പിടികൂടിയത്. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ചെങ്കോട്ട പരിസരത്ത് ഉമര്‍ നബി ചാവേര്‍ ആക്രമണം നടത്തിയത്.

ENGLISH SUMMARY:

NIA has found a two-month-old self-recorded video featuring Dr. Umar Nabi, the suicide bomber in the Red Fort blast, where he justifies suicide attacks as a "Martyrdom Mission" and the most misunderstood word. Speaking fluently in English, Umar Nabi argues that preparing to die at a specific time and place is not suicide bombing but 'Shahadat' (martyrdom) in Islam