വിദ്യാര്‍ഥികള്‍ക്ക് കഴിക്കാനുള്ള ഭക്ഷണത്തില്‍ കാലിട്ട് ഉറങ്ങിയ വാച്ച്മാനെ സസ്പെന്‍ഡ് ചെയ്ത് അധികൃതര്‍. തെലങ്കാനയിലാണ് സംഭവം നടന്നത്. ഇഷ്മായില്‍ഖാന്‍പേട്ടിലുള്ള ഗവണ്‍മെന്‍റ് പോളി ടെക്നിക് കോളേജിലെ എസ്എസ്ടി വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലിലാണ് സംഭവം നടന്നത്. മദ്യപിച്ച് ലക്കുകെട്ട നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഒരു കാല്‍ വിദ്യാര്‍ഥികള്‍ക്ക് കഴിക്കാനുള്ള ചോറില്‍ വച്ചാണ് ഇയാള്‍ കിടന്നിരുന്നത്.
മറ്റ് ജീവനക്കാർ ഉണർത്താൻ ശ്രമിച്ചിട്ടും ഇയാൾ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ പറ്റാതായതോടെ വിദ്യാർഥികൾ ഉടൻ കരാറുകാരനെ വിവരമറിയിച്ചു. വിഡിയോ പ്രചരിച്ചതോടെ വാച്ച്മാന് ശേഖറിനെ പുറത്താക്കാന്‍ ജില്ലാ അധികൃതര്‍ നിര്‍ദേശിച്ചു.
ജില്ലാ കളക്ടർ റിപ്പോർട്ട് തേടുകയും അഡീഷണൽ കളക്ടറിനോട് അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഹോസ്റ്റലുകളിൽ കർശന നിരീക്ഷണം നടത്താൻ അഡീഷണൽ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.