‘മനോരമ ന്യൂസ് മേക്കര്‍ 2024' പുരസ്കാരം ഏറ്റുവാങ്ങി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്‌ട്രപതി സി.പി.രാധാകൃഷ്ണന്‍ സമ്മാനിച്ചു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എംഎംടിവി ഡയറക്ടറും മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററുമായ ആന്‍ഡ് ഡയറക്ടര്‍ ജയന്ത് മാമ്മന്‍ മാത്യു, കെ.എല്‍എം ആക്സിവ ഫിന്‍വെസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം എന്നിവരും പങ്കെടുത്തു. എതിര്‍ചേരിയിലുള്ളവരില്‍നിന്നും പലതും പഠിക്കാനുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വി.എസ്.അച്യുതാനന്ദന്‍റെയും ഗൗരിയമ്മയുടെയും ഉദാഹരങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വൈകാരികമായി പ്രതികരിക്കരുതെന്ന ഉപദേശവും ഉപരാഷ്ട്രപതി സുരേഷ് ഗോപിക്ക് നല്‍കി
തൃശൂരിലെ ജനങ്ങള്‍ക്ക് പ്രത്യേക നന്ദി പറഞ്ഞ് സുരേഷ് ഗോപി. പുരസ്കാരം തൃശൂരിലെ ജനങ്ങള്‍ക്ക് കൂടിയുള്ള അംഗീകാരമാണെന്നും സുരേഷ് ഗോപി. പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം സിനിമ ജീവിതത്തെ ബാധിച്ചെന്നും സുരേഷ് ഗോപി. അവാര്‍ഡ് പട്ടികയില്‍നിന്ന് പലപ്പോഴും ഒഴിവാക്കപ്പെട്ടു. അവാര്‍ഡ് മുടക്കുന്ന ജൂറി അംഗങ്ങളെ അറിയാം. മന്ത്രിയായതിനാല്‍ കേന്ദ്രജൂറി സിനിമകള്‍ പരിഗണിച്ചില്ല. അതില്‍ കേന്ദ്രസര്‍ക്കാരിനോട് അഭിമാനമുണ്ട്. ന്യൂസ് മേക്കര്‍ പുരസ്കാരം എനിക്കുലഭിച്ച തലോടലാണമെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ്ഗോപിക്ക് ഉപദേശവുമായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ പ്രകോപിതനാകരുത്. ചോദ്യംചോദിക്കല്‍ മാധ്യമപ്രവര്‍ത്തകരുടെ ജോലിയുടെ ഭാഗമാണ്. ഉത്തരം പറയണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം. വികാരങ്ങള്‍ അതുപോലെ പുറത്ത് പ്രകടിപ്പിക്കാതെ നോക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സുരേഷ് ഗോപിയെ വാർത്താതാരമായി പ്രേക്ഷകർ തിരഞ്ഞെടുത്തത്. സുരേഷ് ഗോപിക്കൊപ്പം പി.വി.അൻവർ, ഷാഫി പറമ്പിൽ, പി.ആർ. ശ്രീജേഷ് എന്നിവരും അന്തിമപട്ടികയിലെത്തിയിരുന്നു. മനോരമ ന്യൂസ്.കോം/ന്യൂസ്മേക്കർ വഴി നടത്തിയ വോട്ടെടുപ്പിലാണു വിജയിയെ കണ്ടെത്തിയത്.