നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് പ്രണയമുണ്ടോ? ഓഫിസിലെ ഡെഡ്‌ലൈനുകള്‍ക്കും വര്‍ക് പ്രഷറിനുമിടയിലും സഹപ്രവര്‍ത്തകരുമായി പ്രണയത്തിലേര്‍പ്പെടുന്ന ഒരുപാടുപേരുണ്ട്. ഇന്ത്യയില്‍ ഇത്തരം പ്രണയങ്ങള്‍ വര്‍ധിച്ചുവരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.ഡേറ്റിങ് പ്ലാറ്റ്ഫോമായ ആഷ്‌ലി മാഡിസൺ, യുഗോവുമായി ചേർന്ന് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തൽ. ഇന്ത്യയില്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന 40 ശതമാനത്തോളം പേരും സഹപ്രവർത്തകരുമായി ഡേറ്റ് ചെയ്തിട്ടുണ്ട്, അല്ലെങ്കിൽ നിലവിൽ ഡേറ്റ് ചെയ്യുന്നുണ്ട് എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആഷ്‌ലി – യുഗോ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം ബന്ധങ്ങളുടെ തോതില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മെക്സിക്കോയാണ് ഒന്നാമത്. മെക്സിക്കോയില്‍ 43 % പേരാണ് ഓഫിസിലെ സഹപ്രവര്‍ത്തകരുമായി പ്രണയത്തിലേര്‍പ്പെടുന്നത്. ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ജർമനി, ഇന്ത്യ, ഇറ്റലി, മെക്‌സിക്കോ, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, യുകെ, യുഎസ് എന്നിവിടങ്ങളിലുള്ള 13,581 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.
സ്ത്രീകളെക്കാള്‍ പുരുഷന്‍മാരാണ് ഓഫിസ് പ്രണയങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. 51 ശതമാനം പുരുഷന്‍മാരാണ് ഓഫിസില്‍ റൊമാന്‍സ് സൂക്ഷിക്കുന്നതെങ്കില്‍ സ്ത്രീകളില്‍ ഇത് 36 ശതമാനമാണ്.
29% സ്തീകള്‍ ജോലിസ്ഥലത്തെ ഇത്തരം ബന്ധങ്ങള്‍ കരിയറിനെ ബാധിക്കുമോ എന്ന് ഭയന്ന് അകലം പാലിക്കുന്നവരാണ്. 27% പുരുഷന്‍മാരും ഇതേ ആശങ്ക വെച്ചുപുലര്‍ത്തുന്നു.
വ്യക്തിജീവിതത്തിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചോര്‍ത്ത് ഇത്തരം ബന്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരില്‍ കൂടുതല്‍ പുരുഷന്‍മാരാണ്.30 ശതമാനം. സ്ത്രീകളില്‍ ഇത് 26 ശതമാനമാണ്.
ഓഫിസ് റൊമാന്‍സിനോടുള്ള മനോഭാവത്തിന്‍റെ കാര്യത്തില്‍ പ്രായത്തിനും പങ്കുണ്ട്. 18 മുതല്‍ 24 വയസുവരെ പ്രായമുള്ളവരില്‍ 34 ശതമാനം പേർ ജോലിസ്ഥലത്തെ ബന്ധങ്ങൾ തങ്ങളുടെ കരിയറിന് ദോഷം ചെയ്യുമെന്ന് ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.
ഏതായാലും ഇന്ത്യയില്‍ ജോലിസ്ഥലത്ത് വര്‍ധിച്ചു വരുന്ന പ്രണയബന്ധങ്ങള്‍ സാമൂഹിക മൂല്യങ്ങളോടുള്ള മാറിയ കാഴ്ചപ്പാടും ബന്ധങ്ങളോടുള്ള തുറന്ന സമീപനവുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.