ഡല്‍ഹി, ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതി ഡോ.ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ-നബിയുടെ കശ്മീരിലെ വീട് തകര്‍ത്ത് സുരക്ഷാസേന. ഇന്ന് പുലർച്ചെയാണ് തെക്കൻ കശ്മീരിലെ പുൽവാമയിലെ വീട് സൈന്യം തകര്‍ത്തത്. കുടുംബാംഗങ്ങളെ നേരത്തെ വീട്ടിൽനിന്ന് മാറ്റിയിരുന്നു. അതേസമയം, ബന്ധുക്കളിൽ ചിലർ പൊലീസ് കസ്റ്റഡിയിലാണ്. ഇന്ത്യൻ മണ്ണിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവർക്കുള്ള മുന്നറിയിപ്പായിട്ടാണ് വീട് പൊളിച്ചുമാറ്റിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ, പഹൽഗാം ഭീകരാക്രമണ കേസില്‍ ഉള്‍പ്പെട്ടവരുടെ വീടുകളും പൊളിച്ചുമാറ്റിയിരുന്നു.
ജയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനയുടെ ഭാഗമാണ് ഉമർ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കുടുംബാംഗങ്ങളുടെ ഡിഎൻഎ സാംപിളുമായി ഒത്തുനോക്കിയതില്‍ നിന്നും പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാർ ഓടിച്ചിരുന്നത് ഉമർ നബിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ ഇതുവരെ ഏകദേശം 2,900 കിലോഗ്രാം ബോംബ് നിർമ്മാണ സാമഗ്രികളും അസോൾട്ട് റൈഫിളുകൾ പോലുള്ള അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഉമറിന്‍റെ കൂട്ടാളികളായ ഡോ. മുസമ്മിൽ, ഡോ. ഷഹീൻ സയീദ് എന്നിവരിൽ നിന്നാണ് ഇവ കണ്ടെടുത്തത്. ഇരുവരും കസ്റ്റഡിയിലാണ്.
ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട്
സംഘം നാലു നഗരങ്ങളിൽക്കൂടി ആക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്നും അന്വേഷണ സംഘം അറിയിച്ചു. എന്നാല്‍ കൂട്ടാളികൾ അറസ്റ്റിലായതിനെത്തുടർന്നുള്ള പരിഭ്രാന്തിയാണ് ഡൽഹി സ്ഫോടനത്തിന് കാരണമെന്നും സംശയിക്കുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനിലൂടെ ഇവര്‍ ഭീകര സംഘങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും 26 ലക്ഷത്തിലേറെ രൂപ സമാഹരിച്ചിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ യുപിയിലെ ഹാപുർ ജിഎസ് മെഡിക്കൽ കോളജിലെ അസി. പ്രഫസർ ഡോ. ഫറൂഖ്, കാൻപുർ ജിഎസ്‌വിഎം മെഡിക്കൽ കോളജിലെ കാർഡിയോളജി ഡിഎം വിദ്യാർഥി ഡോ. മുഹമ്മദ് ആരിഫ് മിർ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡോ. ഷഹീൻ സയീദ് സെപ്റ്റംബർ 25നു വാങ്ങിയ കാർ ഫരീദാബാദ് ധൗജിലെ അൽ ഫലാഹ് സർവകലാശാലാ ക്യാംപസിൽനിന്നു കണ്ടെത്തുകയും ചെയ്തു. ഉമർ വാങ്ങിയ മറ്റൊരു കാറും കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ആക്രമണത്തിനായി ഇവർ കൂടുതൽ കാറുകൾ വാങ്ങിയിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. സമാഹരിച്ച തുക സൂക്ഷിക്കാനും സ്ഫോടകവസ്തുക്കൾ വാങ്ങാനുമായി ഉമറിനെ ഏൽപിച്ചിരുന്നുവെന്നാണു കണ്ടെത്തൽ.
തിങ്കളാഴ്ച വൈകുന്നേരമാണ് ചെങ്കോട്ടയ്ക്ക് സമീപം കാര്‍ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാൽ (35) എന്നയാൾ കൂടി മരിച്ചതോടെ, സ്ഫോടനത്തിൽ മരണം 13 ആയി. 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.