ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച നവീൻ യാദവ്
രാജ്യവ്യാപകമായി നടന്ന എട്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ആശ്വാസം. ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മിന്നുന്ന വിജയം. കോൺഗ്രസിന്റെ നവീൻ യാദവ് ഇരുപത്തിനാലായിരത്തി എഴുനൂറ്റി ഇരുപത്തിയൊമ്പത് വോട്ടിന് വിജയിച്ചു. ബി.ആർ.എസിന്റെ സിറ്റിങ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. രാജസ്ഥാനിൽ ബി.ജെ.പി.യുടെ സിറ്റിങ് സീറ്റിലും തെലങ്കാനയിൽ ബി.ആർ.എസിന്റെ സിറ്റിങ് സീറ്റിലും കോൺഗ്രസ് ജയിച്ചു. ജമ്മു കശ്മീരിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മത്സരിച്ച് വിജയിച്ച രണ്ട് സീറ്റുകളിലൊന്നായ ബഡ്ഗാമിൽ പി.ഡി.പി. വിജയിച്ചു. ആഗ സയ്യിദ് മുൻതാസിർ മെഹ്ദിയുടെ വിജയം 4,478 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.
നാഷണൽ കോൺഫറൻസിനും ഒമർ അബ്ദുള്ളയ്ക്കും തിരിച്ചടി. അതേസമയം, സിറ്റിങ് സീറ്റായ ജമ്മു നഗ്രോട്ട ബി.ജെ.പി. നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥിയെയാണ് ബി.ജെ.പി.യുടെ ദേവയാനി റാണ പരാജയപ്പെടുത്തിയത്. സിറ്റിങ് സീറ്റായ പഞ്ചാബിലെ തരം തരണിൽ എ.എ.പി. വിജയിച്ചു. ഝാർഖണ്ഡിലെ ഘട്സില ജെ.എം.എം. നിലനിർത്തി. ബി.ജെ.ഡി.യുടെ സിറ്റിങ് സീറ്റായ ഒഡീഷയിലെ നൗപഡയിൽ ബി.ജെ.പി. വിജയിച്ചു. സിറ്റിങ് സീറ്റായ മിസോറാമിലെ ദംപയിൽ എം.എൻ.എഫും വിജയിച്ചു.