ഹരിയാനയിലെ ഫത്തേപൂർ തഗയെന്ന ഗ്രാമത്തിന് അന്യരാണ് വൈറ്റ് കോളർ സംഘത്തിലെ അംഗങ്ങളായ ഡോക്ടർമാർ. ഗ്രാമത്തിലെ പലരും ഇവർ ആരെന്ന് അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെ മാത്രമാണ്. അല്‍ ഫലാഹ് സര്‍വകലാശല മാത്രമാണ് പ്രദേശത്തുള്ള ഒരു വലിയ സ്ഥാപനം.
ഫരീദാബാദിലെ ഒരു കാർഷിക ഗ്രാമമാണ് ഫത്തേപൂർ തഗ. സാധാരണക്കാരിലെ സാധാരണക്കാർ താമസിക്കുന്ന സ്ഥലം.
വൈറ്റ് കോളർ ഭീകര സംഘത്തിലെ ഡോക്ടർമാരായ ഉമർ നബിയും മുസമ്മിലും വന്നുപോയിരുന്ന, സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന വീട് ഈ ഗ്രാമത്തിലാണ്. അയൽവാസികൾക്ക് പോലും ഇവർ ആരെന്നറിയില്ല. പൊലീസുകാർ കൂട്ടത്തോടെ റെയ്ഡിനെത്തിയപ്പോഴാണ് പലരും ഉമർ നബിയെക്കുറിച്ച് കേൾക്കുന്നത് തന്നെ.
വീതിയില്ലാത്ത റോഡ്. വൃത്തിഹീനമായ ചുറ്റുപാട്. ഇതൊക്കെയാണ് തഗയെന്ന ഗ്രാമം. കിലോമീറ്ററുകൾ സഞ്ചരിക്കുമ്പോൾ ഒരു വീട്ടിൽ മാത്രമാണ് സിസി ടിവി ക്യാമറ തന്നെ കാണുന്നത്. വന്നുപോകാനും ഒളിച്ചിരിക്കാനും ഉമർ നബിക്കും മുസമ്മലിനും ഈ വീടും ലോഡ്ജും ധാരാളമായിരുന്നു. എന്നാൽ തീർത്തും സാധാരണക്കാരായ നാട്ടുകാരുടെ സമാധാനത്തിനുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ് ചെങ്കോട്ട സ്ഫോടനം.