ഡല്‍ഹി സ്ഫോടത്തിലെ ചാവേറെന്ന് സംശയിക്കുന്ന ഡോ.ഉമര്‍ രണ്ട് കാര്‍ കൂടി വാങ്ങിയെന്ന് റിപ്പോര്‍ട്ട്. നേരത്തെ വിറ്റ കാറുകളുടെ വിവരവും പൊലീസ് ശേഖരിച്ചു. അതിനിടെ, ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളിലടക്കം ഇരുന്നൂറിലേറെ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് തുടരുകയാണ്. രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. ഒട്ടേറെപ്പേരെ കസ്റ്റഡിയിലെടുത്തു.
ഡല്‍ഹി സ്ഫോടനത്തില്‍ പത്തംഗ സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി എന്‍ഐഎ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെ ടീമിനെ നയിക്കും. ജയ്ഷെ മുഹമ്മദ് ബന്ധമുള്ള വൈറ്റ് കോളര്‍ ഭീകര സംഘം ഡല്‍ഹിയില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. ഉമറും കൂട്ടാളിയും ജനുവരിയിലും ചെങ്കോട്ട പരിസരത്ത് എത്തിയതായും കണ്ടെത്തി. സ്ഫോടനത്തിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ചെങ്കോട്ടയ്ക്കുസമീപം സ്ഫോടനം നടത്തിയ ഡോ.ഉമറാണ് വൈറ്റ് കോളര്‍ ഭീകര സംഘത്തിന്‍റെ തലവനെന്നാണ് കണ്ടെത്തല്‍. ഇവരുടെ ജയ്ഷേ മുഹമ്മദ് ബന്ധത്തിന് കുടൂതല്‍ തെളിവുകള്‍ ലഭിച്ചു. സ്ഫോടനത്തിനു പിന്നാലെ പ്രാംരംഭ അന്വേഷണം തുടങ്ങിയ ദേശീയ അന്വേഷണ ഏജന്‍സി, പത്തംഗ സംഘം രൂപീകരിച്ച് നടപടികള്‍ ഊര്‍ജിതമാക്കി. എന്‍.ഐ.എ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക. സ്ഫോടനസമയത്തെ കുടൂതല്‍ സിസിടിടി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സ്ഫോടനത്തിനുപിന്നാലെ ട്രാഫിക് സിഗ്നലിലെ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി.
ജനുവരിയില്‍ ഡോ ഉമറും കൂട്ടാളിയും ചെങ്കോട്ടയില്‍ എത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഡല്‍ഹിയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് നിരീക്ഷണത്തിനായിരുന്നു ഈ സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍ . വൈറ്റ് കോളര്‍ ഭീകരസംഘം പ്രവര്‍ത്തിച്ച ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ പൊലീസ് വീണ്ടും റെയ്ഡ് നടത്തി. അന്വേഷണ സംഘം ഇവിടെ സ്ഥിരമായി തുടര്‍ന്നേക്കും.
ജമ്മു കശ്മീരിലടക്കം വ്യാപകമായ തിരച്ചിൽ പുരോഗമിക്കുകയാണ്. സ്ഫോടനം നടത്തിയ ഐ 20 കാര്‍ പുല്‍വാമ സ്വദേശിക്ക് വിറ്റ ഡീലര്‍ അറസ്റ്റിലായി. കാറിൽ 80 കിലോയോളം സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ജമ്മു കശ്മീർ, യു.പി. ഫരീദാബാദ്, ലക്നൗ തുടങ്ങിയവിടങ്ങളില്‍ നിന്നായി അഞ്ച് ഡോക്ടര്‍മാരടക്കം 15 പേരാണ് നിലവില്‍ അറസ്ററിലായത്.