ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍.വാസുവിന്‍റെ അറസ്റ്റിന് പിന്നാലെ നിലവിലെ പ്രസിഡന്‍റ് പി.എസ്.പ്രശാന്ത് മന്ത്രി വി.എന്‍.വാസവനെ കണ്ടു. തന്‍റെ ഭരണസമിതിയുടെ കാലത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയുള്ള ബോര്‍ഡ് രേഖകളുടെ പകര്‍പ്പ് ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി.
ഉണ്ണികൃഷ്ണന്‍ പോറ്റി ദുരൂഹത നിറഞ്ഞ ആളാണെന്ന് മനസിലാക്കി തന്‍റെ നിര്‍ദേശപ്രകാരമാണ് ശബരിമലയില്‍ നിന്നും പോറ്റിയെ അകറ്റി നിര്‍ത്തിയതെന്നും പ്രശാന്തിന്‍റെ വിശദീകരണത്തിലുണ്ട്. ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള മുന്നൊരുക്കങ്ങള്‍ വിശദീകരിക്കാനാണ് മന്ത്രിയുമായി കൂടിക്കണ്ടതെന്നാണ് പ്രശാന്ത് പറയുന്നത്. പ്രശാന്ത് പ്രസിഡന്‍റായ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി നാളെ അവസാനിക്കും.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ബോര്‍ഡിനും വീഴ്ചചയുണ്ടായെന്ന് ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പി.എസ്.പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
അതേസമയം, എന്‍.വാസുവിന്‍റെ അറസ്റ്റിനുപിന്നാലെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനെ ലക്ഷ്യമിട്ട് പ്രത്യേക അന്വേഷണ സംഘം. ഉടന്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ആദ്യ നോട്ടീസില്‍ പത്മകുമാര്‍ ഹാജരായില്ല. ചോദ്യംചെയ്യല്‍ ഉണ്ടായാല്‍ അറസ്റ്റിലേക്ക് നീങ്ങാനാണ് സാധ്യത.
വാസു ചെയ്തതിന് സമാനമായ കുറ്റം പത്മകുമാറും ചെയ്തു എന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. വാസുവിന്‍റെ അറസ്റ്റിന് കാരണമായ കട്ടിളപ്പാളി സ്വര്‍ണക്കടത്ത് നടന്ന സമയത്ത് പത്മകുമാറായിരുന്നു പ്രസിഡന്റ്. വാസുവിന്‍റെ അറസ്റ്റിന് പിന്നാലെ സ്വര്‍ണക്കടത്തുകേസ് രാഷ്ട്രീയമായി ഉയര്‍ത്താന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.