red-fort-blast-2

ഡല്‍ഹി ചെങ്കോട്ട സ്ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഐഎ. ഡല്‍ഹി, യുപി, ഹരിയാന, ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് വിവിധ സംഘങ്ങള്‍ക്ക് രൂപം നല്‍കി. അതേസമയം, വൈറ്റ് കോളര്‍ സംഘത്തലവന്‍ ഡോ. ഉമറെന്ന് നിഗമനം. അഞ്ചുവര്‍ഷമായി ഇയാള്‍ ഫരീദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. പൊട്ടിത്തെറിച്ച കാറിലുണ്ടായിരുന്നത് 80 കിലോ സ്ഫോടക വസ്തുക്കളാണ്. 

ചെങ്കോട്ട സ്ഫോടനത്തില്‍ ശാസ്ത്രീയ പരിശോധന വേഗത്തിലാക്കി ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറി. സ്ഫോടന സ്ഥലത്തുനിന്ന് രണ്ട് വെടിയുണ്ടകളും സ്ഫോടക വസ്തുവിന്‍റെ രണ്ട് സാംപിളുകളും എഫ്എസ്എല്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. അമോണിയം നൈട്രേറ്റിന്‍റേതാണ് ഒരു സാംപിള്‍ എന്നാണ് നിഗമനം. മുഴുവന്‍ സാംപിളുകളും ലാബില്‍ പരിശോധിക്കുകയാണ്. ഈ പരിശോധനാ ഫലത്തോെട സ്ഫോടനത്തിന്‍റെ സ്വഭാവത്തില്‍ വ്യക്തത വരും. Also Read: വൈറ്റ് കോളര്‍ സംഘത്തിന്‍റെ തലവന്‍ ഉമര്‍? ചെങ്കോട്ട സ്ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതം

ചെങ്കോട്ട സ്ഫോടനം വിലയിരുത്താനും തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാനും സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് സമിതി ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍  വൈകിട്ടാണ് യോഗം. സ്ഫോടനത്തിന് പിന്നിലെ ഭീകര ബന്ധമടക്കം യോഗം വിലയിരുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഭൂട്ടാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഉടന്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് സമിതി ചേരും. യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും പങ്കെടുക്കും. ഇതുവരെയുള്ള അന്വേഷണ പുരോഗതി അമിത് ഷാ പ്രധാനമന്ത്രിയെ ധരിപ്പിക്കും. ഇന്നലെ രണ്ടുതവണയായി ചേര്‍ന്ന ഉന്നതതല യോഗങ്ങളില്‍ സ്ഫോടനത്തിന്‍റെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ അമിത് ഷായോട് വിശദീകരിച്ചിരുന്നു.

ജെയ്ഷെ മുഹമ്മദിന്‍റെ പങ്ക് ഏറെക്കുറെ വ്യക്തമായതിനാല്‍ ഏതുതരത്തിലായിരിക്കണം തിരിച്ചടി എന്നതടക്കമുള്ള കാര്യങ്ങളും കാബിനറ്റ് സുരക്ഷാ സമിതി ചര്‍ച്ചചെയ്യും. അന്വേഷണം എന്‍‌ഐഎ ഏറ്റെടുത്തെങ്കിലും വിവിധ ഏജന്‍സികളുടെ സഹകരണത്തോടെയാവും തുടര്‍ നടപടികള്‍. പിന്നില്‍ പ്രവര്‍ത്തിച്ചത് ആരായാലും ഉചിതമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഉത്തരവാദികളെ വേട്ടയാടി പിടിക്കണം എന്നാണ് അമിത് ഷാ ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചത്. 

ENGLISH SUMMARY:

The National Investigation Agency (NIA) has ramped up its probe into the Delhi Red Fort blast after discovering 80 kilograms of explosives inside the car that exploded. The investigation focuses on Delhi, Uttar Pradesh, Haryana, and Jammu & Kashmir, with a suspected link to a “white-collar” network led by Dr. Umar. Forensic tests indicate the presence of ammonium nitrate, while the Cabinet Committee on Security, chaired by Prime Minister Narendra Modi, will review the situation. Terror group Jaish-e-Mohammed’s role is under close scrutiny.