ഡൽഹി സ്ഫോടനത്തിന് മുന്നോടിയായി പിടിക്കപ്പെട്ട അഹമ്മദ് മോഹിയുദ്ദീൻ സയ്യിദ് എന്ന ഡോക്ടറെപ്പറ്റി ഫെയ്സ്ബുക്ക് കുറിപ്പുമായി പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ഷാബു പട്ടാമ്പി. നാല് ലിറ്റർ ആവണക്കെണ്ണയും തോക്കുകളും ആയാണ് ഇദ്ദേഹം പിടിക്കപ്പെടുന്നത്. ആളുകളുടെ ജീവൻ രക്ഷിക്കേണ്ട ഇതേ ഡോക്ടർ മരുന്നായ ആവണക്കെണ്ണയെ ഒഴിവാക്കി അതിൽ നിന്നുള്ള വിഷ വസ്തുവിനെ ആളുകളുടെ കൂട്ടക്കുരുതിക്കായി തെരഞ്ഞെടുത്തതിന്റെ മനശാസ്ത്രം തന്നെയാണിതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ബോധനിലവാരം കുറഞ്ഞയാളുകൾ ഏതു വിദ്യ കൈകാര്യം ചെയ്യുമ്പോഴും സമൂഹത്തിൽ അപകടം ഉണ്ടാക്കും എന്ന് വേറെ ഉദാഹരണങ്ങൾ ആവശ്യമില്ല. ഏതുതരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളും ബോധ നിലവാരത്തിലുള്ള കുറവിനെയാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ശാസ്ത്രമാകട്ടെ, വൈദ്യശാസ്ത്രമാകട്ടെ ലോകത്തിലുള്ള ഏത് വിദ്യകളെയും നമുക്ക് നല്ല രീതിയിലും മോശമായ രീതിയിലും ഉപയോഗിക്കാൻ കഴിയും. അതുപയോഗിക്കുന്ന വ്യക്തിയുടെ ബോധനിലവാരവും ആന്തരികമായ താല്പര്യങ്ങളും മാത്രമാണ് അതിൽ പ്രതിഫലിക്കുക. 

TNT എന്ന ട്രൈ നൈട്രോ ടോളുവിൻ കൊണ്ട് സ്ഫോടക വസ്തുക്കൾ മാത്രമല്ല, ഉപകാരപ്രദമായ ചായങ്ങളും ഫോട്ടോഗ്രാഫിക് വസ്തുക്കളും ഉണ്ടാക്കാം. 

വൈദ്യശാസ്ത്രവും അത് ഉപയോഗിക്കുന്ന ആളുടെ കയ്യിലിരിപ്പ് പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. ഇന്നലെ ഡൽഹി സ്ഫോടനത്തിന് മുന്നോടിയായി പിടിക്കപ്പെട്ട അഹമ്മദ് മോഹിയുദ്ദീൻ സയ്യിദ് എന്ന ഡോക്ടറുടെ പ്രവർത്തി ഇക്കാര്യം അടിവരയിടുന്നു.  നാല് ലിറ്റർ ആവണക്കെണ്ണയും തോക്കുകളും ആയാണ്ത്രേ ഇദ്ദേഹം പിടിക്കപ്പെടുന്നത്.

ആയുർവേദത്തിൽ, നല്ലൊരു  ശോധന ഔഷധമായും വാതരോഗത്തിലെ ഗംഭീര ഔഷധം എന്ന നിലയിലും ഉപയോഗിക്കുന്ന ഒരു മരുന്നാണ് ആവണക്ക്. ആവണക്ക് വേരായോ സമൂലമായോ ഒക്കെയാണ് ആയുർവേദത്തിൽ ഉപയോഗപ്പെടുത്താറുള്ളത്.ആവണക്കിൻ കായയിൽ നിന്ന് ആട്ടിയെടുക്കുന്ന ആവണക്കെണ്ണയാണ് അതിലും പോപ്പുലർ ആയിട്ടുള്ള മറ്റൊരു ഔഷധം.

നല്ല ശോധന ഉണ്ടാക്കുന്നു എന്ന് മാത്രമല്ല ആവണക്കെണ്ണ കഷായത്തിൻ ഭാവന ചെയ്തെടുക്കുന്ന ഗംഭീരമായ വാതരോഗ ഔഷധങ്ങളും 

ആയുർവേദം പ്രാക്ടീസ് ചെയ്യുന്നവർക്ക് ഒഴിച്ചുകൂടാൻ ആവാത്തതാണ്. 

അതേസമയം കുരുവിൽ നിന്ന് ആവണക്കെണ്ണ എടുത്ത ശേഷം ഉണ്ടാകുന്ന വേസ്റ്റിൽ നിന്ന് ഉണ്ടാക്കുന്ന ഒരു വസ്തുവും ഉണ്ട്. 

മാരക വിഷമമായ ricin..! അന്താരാഷ്ട്രജൈവ രാസായുധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒന്നാണിത്.  ഉള്ളിൽ ചെന്നാൽ ഒരു ദിവസം കൊണ്ട് തന്നെ മരണത്തിലേക്ക് നയിക്കാവുന്ന അത്രയും മാരകമായ വിഷം കൂടിയാണിത്. ആളുകളുടെ ജീവൻ രക്ഷിക്കേണ്ട ഇതേ ഡോക്ടർ മരുന്നായ ആവണക്കെണ്ണയെ ഒഴിവാക്കി അതിൽ നിന്നുള്ള വിഷ വസ്തുവിനെ ആളുകളുടെ കൂട്ടക്കുരുതിക്കായി തെരഞ്ഞെടുത്തതിന്റെ 

മനശാസ്ത്രം തന്നെയാണിത്..

ബോധനിലവാരം കുറഞ്ഞയാളുകൾ ഏതു വിദ്യ കൈകാര്യം ചെയ്യുമ്പോഴും സമൂഹത്തിൽ അപകടം ഉണ്ടാക്കും എന്ന് വേറെ ഉദാഹരണങ്ങൾ ആവശ്യമില്ല. ഏതുതരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളും ബോധ നിലവാരത്തിലുള്ള കുറവിനെയാണ് കാണിക്കുന്നത്..

അങ്ങനെയുള്ളവരെ ഒരു സമൂഹം എന്ന നിലയിൽ ജാതി മത രാഷ്ട്രീയ പരിഗണനകൾ ഒന്നുമില്ലാതെ നമ്മളെല്ലാവരും ഇന്ത്യക്കാരാണ് എന്ന നിലയിൽ ഒറ്റക്കെട്ടായി ചേർത്തു തോൽപ്പിക്കുക എന്നത് മാത്രമേ നമുക്കും ചെയ്യാനുള്ളൂ. അറിവിനെ ശരിയായവിധം കൈകാര്യം ചെയ്യുന്ന 

സദ് ബുദ്ധികൾ കൂടുതൽ ഉണ്ടായി വരുമ്പോൾ തീവ്രവാദവും നിലച്ചു തുടങ്ങും. 

ENGLISH SUMMARY:

Delhi Blast Doctor discusses the arrest of a doctor involved in the Delhi blast and his misuse of medical knowledge. This highlights the danger when individuals with poor judgment handle powerful knowledge, emphasizing the need for ethical awareness.