ഡൽഹിയിലെ മെഹ്‌റൗളിയിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുട്ടിയെ പീഡിപ്പിച്ച ഉടൻ തന്നെ കൊല്ലാൻ പ്രതി പദ്ധതിയിട്ടിരുന്നില്ലെന്നും, വീട്ടിൽ തിരികെ എത്തിക്കാൻ തീരുമാനിച്ചിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ സംഭവിച്ച കാര്യം പെൺകുട്ടി മാതാപിതാക്കളോട് പറയുമോ എന്ന് ഭയന്നാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് കുറ്റപത്രം.
വെള്ളിയാഴ്ച മെഹ്‌റൗളി പോലീസാണ് സാകേത് കോടതിയിൽ 500-ലധികം താളുകളുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മുപ്പതിലധികം സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ബിഹാർ ഖഗറിയ സ്വദേശിയായ ബസു കുമാർ സിങ് (25) ആണ് കേസിലെ ഏക പ്രതി.
കഴിഞ്ഞ ജൂണിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. സിഡിആർ ചൗക്കിന് സമീപം നിൽക്കുകയായിരുന്ന പെൺകുട്ടിയെ ബസു കുമാർ സിങ് തന്റെ ടാക്സി കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് പിതാവ് ടാക്സിയെ പിന്തുടർന്നെങ്കിലും വാഹനത്തിന് പിന്നാലെ ഒരുപാട് ദൂരം സഞ്ചരിക്കാനായില്ല. മഞ്ഞ നമ്പർ പ്ലേറ്റുള്ള വെള്ള കാറിലാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്ന പിതാവ് നൽകിയ സൂചനയാണ് കേസില്‍ പൊലീസിന് വഴിത്തിരിവായത്.
പ്രതി കുട്ടിയെ മണ്ഡിയിലെ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച ശേഷം, സംഭവത്തെക്കുറിച്ച് പുറത്തുപറയുമെന്ന് ഭയന്ന് കഴുത്തുഞെരിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഡൽഹി- ഗുഡ്ഗാവ് അതിർത്തിയിലെ വനമേഖലയിൽ ഉപേക്ഷിച്ചു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് പൊലീസിന് ലഭിച്ചതാണ് പ്രതിയെ വേഗത്തിൽ വലയിലാക്കാൻ സഹായിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബസു കുമാർ സിങ് പിടിയിലാകുന്നത്. തെളിവെടുപ്പിനിടെ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് പൊലീസിന്റെ വെടിയേൽക്കുകയും ചെയ്തിരുന്നു.
പ്രതിയായ ബസു കുമാർ സിങിനെതിരെ വധശ്രമം, കലാപം ഉണ്ടാക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ തുടങ്ങിയ അഞ്ചോളം കേസുകൾ ബിഹാറിലെ ഖഗറിയ പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, പോക്സോ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.