food-in-paper

മധ്യപ്രദേശിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം പേപ്പറിൽ നൽകിയത് കണ്ട് ഹൃദയം തകർന്നുവെന്ന് രാഹുൽ ഗാന്ധി. 20 വർഷത്തെ ബിജെപി ഭരണത്തിനിടെ കുട്ടികളുടെ പ്ലേറ്റുകൾ പോലും മോഷ്ടിക്കപ്പെട്ടെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പോഷക സമൃദ്ധവും ശുചിത്വമുള്ളതുമായ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടുകൂടി പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൻ പദ്ധതി നടപ്പിലാക്കിയ രാജ്യത്ത് നിന്ന് വരുന്ന ദൃശ്യങ്ങള്‍ നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. 

രാജ്യത്തിന്‍റെ ഭാവി വാഗ്ദാനങ്ങൾക്ക് ഒരു പ്ലേറ്റ് പോലും നൽകാൻ കഴിയാത്ത അവസ്ഥ ദയനീയമാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. 20 വർഷത്തെ ബിജെപി ഭരണത്തിനിടെ കുട്ടികളുടെ പ്ലേറ്റുകൾ പോലും മോഷ്ടിക്കപ്പെടുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രിയുടെയും സമീപനം ഓർത്ത് താൻ ലജ്ജിക്കുകയാണ് എന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ ഷിയോപ്പൂർ ജില്ലയിലെ ഹദിപ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. സ്കൂൾ വിദ്യാർഥികള്‍ക്ക് തറയിലിരുത്തി പേപ്പറില്‍ ഉച്ച ഭക്ഷണം വിളമ്പി നല്‍കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടതോടെയാണ് വിഷയം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പിന്നാലെ കലക്ടര്‍ക്ക് പ്രിന്‍സിപ്പലിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. 

ENGLISH SUMMARY:

Rahul Gandhi criticizes the Madhya Pradesh mid-day meal incident where children were served food on paper. This highlights the poor state of affairs and alleged corruption in the state's BJP governance.