13 പേര്‍ മരിച്ച ഇന്‍ഡോറിലെ മലിന ജല ദുരന്തത്തില്‍ ഒടുവില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍. കോര്‍പ്പറേഷന്‍ അഡീഷണൽ കമ്മീഷണറെയും ജലവിതരണ വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയറെയും സ്ഥാനത്തുനിന്ന് നീക്കി. അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഉത്തരവാദികൾ ഡബിൾ എഞ്ചിൻ സർക്കാരാണെന്ന് രാഹുൽ ഗാന്ധി വിമര്‍ശിച്ചു.
ശുചിത്വ നഗരമെന്ന് പേരെടുത്ത ഇൻഡോറിലെ ദുരന്തത്തില്‍ കോര്‍പ്പറേഷനും സര്‍ക്കാരിനുമെതിരെ വിമര്‍ശനം ശക്തമാകവെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഉത്തരവിട്ടത്. കോര്‍പ്പറേഷന്‍ അഡീഷണൽ കമ്മീഷണറുടെയും ജലവിതരണ വകുപ്പിന്റെ ചുമതലയുള്ള സൂപ്രണ്ടിങ് എഞ്ചിനീയറുടെയും സ്ഥാനം തെറിച്ചു. കോർപ്പറേഷന്‍ കമ്മിഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗംവിളിച്ച് സ്ഥിതി വിലയിരുത്തിയ മുഖ്യമന്ത്രി മറ്റു സ്ഥലങ്ങളിലും മുന്‍കരുതലെടുക്കാന്‍ നിര്‍ദേശിച്ചു.
കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതായി രണ്ടുമാസം മുന്‍പ് കോര്‍പ്പറേഷനില്‍ പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ അവഗണിച്ചെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തി. ഇന്‍ഡോര്‍ ഭഗീരത്പൂരയില്‍ ദുരന്തംവിതച്ചത് മലിനജലമാണെന്ന് ലബോറട്ടറി പരിശോധനയിലും സ്ഥിരീകരിച്ചതിനുപിന്നാലെയാണ് നാട്ടുകാരുടെ ഗുരുതര ആരോപണം. ജനങ്ങൾ ആവർത്തിച്ച് പരാതിപ്പെട്ടിട്ടും ചെവി കൊള്ളാതിരുന്നത് എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. ദരിദ്രർ മരിക്കുമ്പോൾ മോദി സർക്കാർ മൗനം പാലിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ജൽ ജീവൻ മിഷനും സ്വച്ഛ് ഭാരത് അഭിയാനും കൊട്ടിഘോഷിച്ച മോദി മൗനം വെടിയണമെന്ന് മല്ലികാര്‍ജുന്‍ ഖർഗെ. ദുരന്തം സര്‍ക്കാരിനും പാര്‍ട്ടിക്കും നാണക്കേടാണെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഉമ ഭാരതി കുറ്റപ്പെടുത്തി. ദുരന്തത്തില്‍ സ്വീകരിച്ച നടപടികളടക്കം വിശദമായ റിപ്പോർട്ട് നല്‍കാന്‍ സർക്കാരിനോ ഹൈക്കോടതി ആവശ്യപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്. ദുരന്തത്തില്‍ 10 മരണങ്ങള്‍ മാത്രമാണ് കോര്‍പ്പറേഷന്‍ സ്ഥിരീകരിച്ചത്. നൂറിലേറെപ്പേര്‍ ഇപ്പോഴും ചികില്‍സയിലുണ്ട്. ആകെ 1,300ലേറെ പേര്‍ക്ക് വയറിളക്കവും മറ്റ് അസുഖവുമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.