മധ്യപ്രദേശിലെ ഉജ്ജൈനിലുള്ള ശ്രീ മഹാകാലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ബോളിവുഡ് നടി നുഷ്രത്ത് ബരുച്ചയ്ക്ക് കടുത്ത വിമര്‍ശനം. പുതുവത്സരത്തിന് മുന്നോടിയായി ആയിരുന്നു നുഷ്രത്തിന്‍റെ ക്ഷേത്ര ദര്‍ശനം. പിന്നാലെ നടിയുടെ മതവും വിശ്വാസങ്ങളും ചര്‍ച്ചയായി. മുസ്‌ലിമായിരിക്കെ ക്ഷേത്ര ദര്‍ശനം നടത്തിയ നടിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ആളുകള്‍ രംഗത്തെത്തി.
‘ഗുരുതരമായ പാപം’ എന്നാണ് നുഷ്രത്തിന്‍റെ പ്രവൃത്തിയെ അഖിലേന്ത്യാ മുസ്‌ലിം ജമാഅത്തെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞത്. ശരിഅത്ത് നിയമപ്രകാരം പൂജ നടത്തുന്നതും ചന്ദനം തൊടുന്നതും ഗുരുതരമായ പാപമാണെന്നും അത്തരം പ്രവൃത്തികൾ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വാദിക്കുന്നു. നടി പശ്ചാത്താപം പ്രകടിപ്പിക്കുകയും കൽമ ചൊല്ലുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇത് രണ്ടാമത്തെ തവണയാണ് താന്‍ മഹാകാലേശ്വര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നതെന്ന് താരം പറഞ്ഞു. ഓണ്‍ലൈനില്‍ പങ്കുവച്ച ഒരു വിഡിയോയില്‍ എല്ലാ വര്‍ഷവും താന്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിന് പിന്നാലെ ‘ജയ് മഹാകാലേശ്വര്‍’ എന്ന് നടി തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരുന്നു. ക്ഷേത്രത്തിലെ ഭസ്മ ആരതിയിലും താരം പങ്കെടുത്തിരുന്നു. ക്ഷേത്ര പൂജാരിമാര്‍ ഷാള്‍ അണിയിച്ചാണ് നുഷ്രത്ത് ബരുച്ചയെ സ്വീകരിച്ചത്.
മുംബൈയില്‍ ഒരു മുസ്‌ലിം കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും അടുത്തിടെ ഹിന്ദു ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിലും ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിലും താരം താല്‍പര്യം കാണിച്ചിട്ടുണ്ട്. ഒരിക്കല്‍ ശുഭങ്കർ മിശ്രയുമായുള്ള അഭിമുഖത്തിൽ വിശ്വാസത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ നുഷ്രത്ത് ബറൂച്ച തുറന്നുപറഞ്ഞിട്ടുണ്ട്. ക്ഷേത്രമായാലും മസ്ജിദ് ആയാലും പള്ളിയായാലും ആരാധനാലയങ്ങളിൽ സമാധാനം കണ്ടെത്തുന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് താരം പറഞ്ഞത്. ‘എവിടെ സമാധാനം ലഭിക്കുന്നുവോ, അത് ഒരു മന്ദിറായാലും ഗുരുദ്വാരയായാലും പള്ളിയായാലും നിങ്ങൾ അവിടെ പോകണം’ എന്നാണ് നുഷ്രത്ത് ബറൂച്ച പറഞ്ഞിരുന്നത്. ദൈവമുണ്ടെന്നും ആ ശക്തിയുമായി ബന്ധപ്പെടാന്‍ വ്യത്യസ്ത വഴികളുണ്ടെന്നും ആ വഴികളെല്ലാം പര്യവേക്ഷണം ചെയ്യാൻ താന്‍ ആഗ്രഹിക്കുന്നെന്നും നുഷ്രത്ത് പറയുന്നു.
ടെലിവിഷനിലൂടെയാണ് നുഷ്രത്ത് സിനിമയിലേക്ക് എത്തിയത്. 2006 ല്‍ പുറത്തിറങ്ങിയ ജയ് സന്തോഷി മാ ആണ് ആദ്യ ചിത്രം. ലവ് സെക്‌സ് ഔർ ധോഖ (2010), പ്യാർ കാ പഞ്ച്‌നാമ (2011), പ്യാർ കാ പഞ്ച്‌നാമ 2 (2015), സോനു കെ ടിറ്റു കി സ്വീറ്റി (2018), ഡ്രീം ഗേൾ (2019) എന്നിവയാണ് മറ്റു ചിത്രങ്ങള്‍. 2022ലെ രാം സേതുവിലും അഭിനയിച്ചിട്ടുണ്ട്. നിശബ്ദ ചിത്രമായ ഉഫ്ഫ് യേ സിയാപായിലാണ് നുഷ്രത്ത് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 2026 ൽ റിലീസ് ചെയ്യാനിരിക്കുന്ന ബൺ ടിക്കിയാണ് നുഷ്രത്തിന്‍റെ അടുത്ത ചിത്രം.