ഭർത്താവ് മരിച്ചെന്ന് കാണിച്ച് വ്യാജ മരണ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുത്തു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. കേസില്‍ ദമ്പതികളായ രവി ശങ്കർ, കേശ് കുമാരി എന്നിവർ അറസ്റ്റിലായി. ശങ്കർ മരിച്ചതായി കാണിച്ച വ്യാജരേഖകൾ ഉണ്ടാക്കി ഇൻഷുറൻസ് കമ്പനിയെ കബളിപ്പിക്കുകയായിരുന്നു.
2023 ഏപ്രിൽ 21-നാണ് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ കേശ് കുമാരി ക്ലെയിം ഫയൽ ചെയ്തത്. ഏപ്രിൽ 9-ന് ഭർത്താവ് മരിച്ചതായി കാണിച്ചായിരുന്നു ഇത്. 25 ലക്ഷം രൂപയുടെ ഡെത്ത് ക്ലെയിമാണ് കുമാരി ഫയൽ ചെയ്തത്. യുവതി ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തിൽ ക്ലെയിം അംഗീകരിക്കുകയും ഏപ്രിൽ 21-ന് ഇൻഷുറൻസ് തുക അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു.
എന്നാൽ, പിന്നീട് നടന്ന ആഭ്യന്തര അന്വേഷണത്തിൽ ശങ്കർ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തതോടെ ഇരുവരും കുറ്റം സമ്മതിച്ചു. ഇവരെ ഉടന്‍ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.