bhutan-vehicle

TOPICS COVERED

വാഹനക്കടത്ത് അന്വേഷണത്തില്‍ ഇന്ത്യന്‍ ഏജന്‍സികളുമായി സഹകരിക്കാന്‍ തയാറെന്ന് ഭൂട്ടാന്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചു. അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കാനും തീരുമാനമായി.  സൈനിക വാഹനങ്ങള്‍ അടക്കം വ്യാജരേഖയുപയോഗിച്ച് കടത്തിയെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണവുമായി സഹകരിക്കാന്‍ ഭൂട്ടാന്‍ സന്നദ്ധത അറിയിച്ചത്. 

കഴിഞ്ഞമാസം തിംഫുവില്‍ അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യ– ഭൂട്ടാന്‍ ആഭ്യന്തര സെക്രട്ടറിമാര്‍ ഇക്കാര്യം വിലയിരുത്തി.  വിദേശകാര്യ മന്ത്രാലയങ്ങളുടെയും എംബസികളുടെയും വ്യാജ സീലുകള്‍ അടക്കം തയാറാക്കിയാണ് വാഹനക്കടത്ത് നടത്തിയത് എന്നതിനാല്‍ വിശദമായ അന്വേഷണം അനിവാര്യമാണ് എന്ന നിലപാടിലാണ് ഇരു രാജ്യങ്ങളും. അതേസമയം വിദേശകാര്യ മന്ത്രാലയത്തിന്‍റെയും പരോക്ഷ നികുതി വകുപ്പിന്‍റെയും അനുമതിയോടെ മാത്രമെ സംയുക്ത അന്വേഷണം സാധ്യമാവു എന്ന് ഇന്ത്യന്‍ കസ്റ്റംസ് വ്യക്തമാക്കി.  അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ ധാരണയായിട്ടുണ്ട്. ഭൂട്ടാനില്‍ നിന്ന് കടത്തിയ 39 വാഹനങ്ങള്‍ കേരളത്തില്‍ നിന്ന് പിടികൂടിയിരുന്നു. ഇതില്‍ ചലച്ചിത്ര താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും ഉപയോഗിച്ച വാഹനങ്ങളും ഉണ്ടായിരുന്നു. 

ENGLISH SUMMARY:

Vehicle smuggling investigation reveals Bhutan's willingness to cooperate with Indian agencies. This collaboration aims to tighten border security and address the issue of vehicles being smuggled using fraudulent documents.