TOPICS COVERED

  തെലങ്കാനയെ കണ്ണീരിലാഴ്ത്തി റോഡപകടത്തില്‍ 21 മരണം. രംഗറെഡ്ഡി ജില്ലയിലെ മിര്‍ജാഗുഡയില്‍ ആര്‍.ടി.സി ബസിലേക്ക് മെറ്റലുമായെത്തിയ ടിപ്പര്‍ ലോറി ഇടിച്ചു കയറിയാണ് വന്‍ ദുരന്തം. ലോറിയിലെ മെറ്റല്‍ ബസിലെ യാത്രക്കാര്‍ക്കുമേല്‍ പതിച്ചാണു കൂടുതല്‍പേര്‍ക്കും ജീവന്‍ നഷ്ടമായത്.

പുലര്‍ച്ചെയാണ് അപകടം. തടൂരില്‍ നിന്നു നിറയെ യാത്രക്കാരുമായി ഹൈദരാബാദിലേക്കു പോയ ആര്‍.ടി.സി ബസില്‍ മിര്‍ജാഗുഡയില്‍ വച്ച് എതിര്‍ദിശയിലെത്തിയ ടിപ്പര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയിലെ മെറ്റല്‍ ബസിലെ യാത്രക്കാര്‍ക്കുമേല്‍ പതിച്ചു. ബസിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. മരിച്ചവരില്‍ 13 സ്ത്രീകളും മൂന്നുമാസം പിഞ്ചു കുഞ്ഞുമുണ്ട്. മൂന്നു സഹോദരിമാരും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. അപകട ശബ്ദം കേട്ട് ഓടിക്കൂടിയ ആളുകള്‍ക്ക് മെറ്റല്‍ കൂനയ്ക്കുള്ളില്‍ അകപെട്ടവരെ കണ്ടു നെടുവീര്‍പ്പിട്ടു നില്‍ക്കാനേ കഴിഞ്ഞൊള്ളൂ. അരമണിക്കൂറിലേറെ സമയമെടുത്ത്  മണ്ണുമാന്തിയന്ത്രമെത്തിച്ചു മെറ്റല്‍ കൂന നീക്കിയാണു ആളുകളെ പുറത്തെടുത്തടുക്കാന്‍ കഴിഞ്ഞത്. പരുക്കേറ്റവരില്‍ പലരുടെയും നിലഗുരുതരമാണ്. അപകടത്തെ തുടര്‍ന്നു ഹൈദരാബാദ്–മിര്‍ജാുപൂര്‍ ദേശീയപാതയില്‍ നാലുകീലോമീറ്റര്‍ ദൂരത്തില്‍ ഗതാഗത കുരുക്കുണ്ടായി. ഗുരുതരമായി പരുക്കേറ്റവരെ ഉടനടി ഹൈദരാബാദിലെ ആശുപത്രികളിലേക്കു മാറ്റാന്‍ പോലും കഴിയാതെ വന്നു. ഹൈദരാബാദില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ചെലവലയിലെത്തിയാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.അപകടത്തില്‍ നടുക്കം രേഖപെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബങ്ങള്‍ക്കു രണ്ടുലക്ഷം രൂപ  വീതം ധനസഹായം പ്രഖ്യപിച്ചു

ENGLISH SUMMARY:

Telangana road accident resulted in 21 fatalities in Mirjaguda after a tipper lorry collided with an RTC bus. The accident led to significant disruption and loss, prompting financial assistance from the Prime Minister.