മധ്യപ്രദേശില്‍ രോഗിയുമായി പോയ ആംബുലന്‍സ് വഴിയരികില്‍ ‘കാഴ്ച’ കാണാന്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് രോഗി മരിച്ചു. മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. മലേറിയ ബാധിച്ച 20 വയസ്സുള്ള യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പുള്ളിപ്പുലിയെ കണ്ടതിനെ തുടർന്ന് ഡ്രൈവർ ആംബുലന്‍സ് വഴിയിൽ നിർത്തിയത്. യാത്ര പുനരാരംഭിക്കാൻ ആംബുലൻസ് ഡ്രൈവറും മെഡിക്കൽ അറ്റൻഡന്റും അധിക പണം ആവശ്യപ്പെട്ടതായും രോഗിയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

ബാലഘട്ട് ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 95 കിലോമീറ്റർ അകലെ ബിർസ ബ്ലോക്കിലെ ജട്ട ഗ്രാമത്തിൽ താമസിക്കുന്ന ഗായത്രി ഉയികെ എന്ന യുവതിയെയാണ് ഞായറാഴ്ച വൈകുന്നേരത്തോടെ ബിർസ സിഎച്ച്സിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ നില വഷളായപ്പോൾ ഡോക്ടർമാർ യുവതിയെ ബാലഘട്ട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. തുടര്‍ന്ന് രാത്രി 10 മണിയോടെ സിഎച്ച്സിയിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടെങ്കിലും പുലർച്ചെ 12.15 ഓടെയാണ് ജില്ലാ ആശുപത്രിയിൽ എത്തിയത്. സാധാരണയായി 60 മിനിറ്റ് എടുക്കുന്ന യാത്ര, രണ്ട് മണിക്കൂർ കൊണ്ടാണ് ആശുപത്രിയില്‍ എത്തിയത്.

യാത്രാമധ്യേ ആംബുലൻസ് ഒരു വനപ്രദേശത്ത് നിർത്തിയതായാണ് രോഗിയുടെ കുടുംബം ആരോപിക്കുന്നത്. രോഗിയുടെ ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ പുള്ളിപ്പുലിയെ കണ്ടതായാണ് ജീവനക്കാർ പറഞ്ഞത്. രോഗിയുടെ അവസ്ഥ ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഡ്രൈവറോട് യാത്ര തുടരാൻ നിർബന്ധിച്ചു. പിന്നാലെയാണ് ഡ്രൈവര്‍ 700 രൂപ കൂടി അധികമായി ആവശ്യപ്പെടുന്നത്. രോഗിയുടെ ബന്ധുക്കളും ഡ്രൈവറും തമ്മില്‍ പണത്തെച്ചൊല്ലി വിലപേശലുണ്ടാകുകയും ഒടുവില്‍ 600 രൂപയ്ക്ക് ഒത്തുതീർപ്പാവുകയും ചെയ്തു. ഈ സമയംകൊണ്ട് രോഗിയുടെ ആരോഗ്യം കൂടുതൽ വഷളായിരുന്നു. ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ രോഗി മരിക്കുകയും ചെയ്തു.

സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ആംബുലൻസ് ഡ്രൈവറെയും മെഡിക്കൽ അറ്റൻഡന്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജില്ലാ അധികാരികൾ പ്രതികൾക്കെതിരെ വകുപ്പുതല നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ, സേവനം സൗജന്യമാണെങ്കിലും ആംബുലൻസ് ജീവനക്കാർ പണം ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A 20-year-old malaria patient, Gayatri Uike, died in Balaghat, Madhya Pradesh, after the ambulance driver allegedly stopped the vehicle in a forest area for two hours to watch a leopard. The patient's relatives also claimed the driver and medical attendant demanded an extra ₹700 to resume the journey. Both the driver and attendant were arrested for the negligence and extortion, which ultimately led to the patient's death.