ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3ല്‍ എയർ ഇന്ത്യ വിമാനത്തിന് മീറ്ററുകള്‍ മാത്രം അകലെ നിർത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു. ഒന്നിലധികം എയർലൈനുകളുടെ ഗ്രൗണ്ട് സർവീസുകൾ കൈകാര്യം ചെയ്യുന്ന എസ്എടിഎസ്എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ബസിനാണ് തീ പിടിച്ചത്. ബസിൽ ആരും ഉണ്ടായിരുന്നില്ല. ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ട് (IGIA) നടത്തുന്ന ഡൽഹി ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) ഇത് വളരെ അപകടകരമായ സംഭവം എന്ന് വിലയിരുത്തുകയും ആർക്കും പരുക്കുകളൊന്നും ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
തീപിടിത്തത്തിന് പിന്നിലെ കാരണം എസ്എടിഎസ് അന്വേഷിച്ചു വരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സംഭവസമയത്ത് ബസ് ഡ്രൈവർ മാത്രമാണ് ബസിലുണ്ടായിരുന്നത്. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം തീ അണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി നശിച്ചു. പ്രതിവർഷം 100 ദശലക്ഷം യാത്രക്കാർ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടെർമിനലുകളിലൊന്നായ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ അന്തർദേശീയവും ആഭ്യന്തരവുമായ ഫ്ലൈറ്റുകൾ സര്‍വീസ് നടത്തുന്നുണ്ട്.