ഡല്‍ഹിയില്‍ വായുനിലവാരം രേഖപ്പെടുത്തുന്നതില്‍ ക്രമക്കേടെന്ന് ആരോപണം. മോണിറ്ററിങ് സ്റ്റേഷന് ചുറ്റും വാട്ടർ ടാങ്കറുകളില്‍ വെള്ളം തളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വായുനിലവാരം കൃത്രിമമായ് കുറയ്ക്കുകയാണെന്ന് എഎപി ആരോപിച്ചു.
ഡല്‍ഹിയില്‍ ഏറ്റവുമധികം വായുമലിനീകരണം രേഖപ്പെടുത്തുന്ന ആനന്ദ് വിഹാറിലെ മോണിറ്ററിങ് സ്റ്റേഷനാണിത്. ഈ സ്റ്റേഷന് ചുറ്റുമാണ് ഡല്‍ഹി കോര്‍പ്പറേഷന്‍റെ വാട്ടർ ടാങ്കറുകൾ വെള്ളം തളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായ മേഖലകളിലൊന്നാണ് അനന്ദ് വിഹാര്‍. വായുനിലവാര സൂചിക കൃത്രിമമായി കുറയ്ക്കാനാണ് വെള്ളം തളിക്കുന്നത് എന്നാണ് ആരോപണം. ബിജെപി ഭരിക്കുന്ന ഡല്‍ഹി കോര്‍പ്പറേഷനും ഡല്‍ഹി സര്‍ക്കാരും മലിനീകരണം നിയന്ത്രിക്കാനല്ല കൃത്രിമമായ ഡേറ്റ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. കേന്ദ്ര പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ റീഡിങ്ങുകളില്‍ ഹോട് സ്പോട്ടാണ് ആനന്ദ് വിഹാര്‍. എന്നാല്‍ പതിവായി ചെയ്യുന്ന പൊടി നിയന്ത്രണ നടപടിയാണിതെന്നും പ്രതിപക്ഷത്തിന്റെ ആരോപണം വിഡ്ഢിത്തമാണെന്നും ബിജെപി പ്രതികരിച്ചു.