എഐ ഉപയോഗിച്ച് സഹോദരിമാരുടെ അശ്ലീല ചിത്രങ്ങളും വിഡിയോയും നിര്‍മിച്ച് പണം ആവശ്യപ്പെട്ടതിന് പിന്നാലെ സഹോദരന്‍ ജീവനൊടുക്കി. ഹരിയാനയിലെ ഫരീദബാദിലാണ് സംഭവം.  സഹോദരന്‍ രാഹുല്‍ ഭാരതിയുടെ ഫോണ്‍ ഹാക്ക് ചെയ്ത് ചിത്രങ്ങളെടുത്താണ്  അശ്ലീല ചിത്രങ്ങളും വിഡിയോകളും നിര്‍മിച്ചത്. പിന്നീട് ഇവ ഫോണിലേക്ക് അയച്ചു നല്‍കുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. 

രണ്ടാഴ്ച മുന്‍പാണ് ഫോണ്‍ ഹാക്ക് ചെയ്തതെന്നും ആഴ്ചകളായി രാഹുല്‍ ഭാരതി ഇതിന്‍റെ മനോവിഷമത്തിലായിരുന്നുവെന്ന് പിതാവ് മനോജ് പറഞ്ഞു. രാഹുലിനെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സാഹില്‍ എന്നയാളുമായുള്ള ചാറ്റ് പൊലീസ് കണ്ടെത്തി. ഇയാളാണ് രാഹുലിന് അശ്ലീല ചിത്രങ്ങളയച്ചതും പണം ആവശ്യപ്പെട്ടതും. ഇരുവരും തമ്മില്‍  ഒട്ടേറെ  വിഡിയോ ഓഡിയോ കോളുകള്‍ നടന്ന വിവരവും ചാറ്റിലുണ്ട്. ലൊക്കേഷന്‍ അയച്ച് സ്ഥലത്തെത്താനും സാഹില്‍ ആവശ്യപ്പെടുന്നുണ്ട്. 

പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും എന്ന ഭീഷണിയാണ് അവസാന മെസേജ്. ഈ മെസേജിന് പിന്നാലെ ശനിയാഴ്ച രാത്രി എഴു മണിയോടെ രാഹുല്‍ അമിതമായി ഗുളികകള്‍ കഴിക്കുകയും ആരോഗ്യനില മോശമാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് മരണം. 

 അശ്ലീല വീഡിയോകളും ഫോട്ടോകളും ആരോ രാഹുലിന്‍റെ ഫോണിലേക്ക് അയച്ചുകൊടുത്തു. അവ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്നുണ്ടായ മാനസിക പീഡനം കാരണമാണ് വിഷം കഴിച്ചതെന്ന് പിതാവ് മനോജ് പറഞ്ഞു. കുടുംബത്തിന്‍റെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 

ENGLISH SUMMARY:

AI deepfake crime is on the rise. A brother in Faridabad, Haryana, tragically took his own life after being blackmailed with AI-generated explicit images and videos of his sisters.