TOPICS COVERED

മധ്യപ്രദേശിലെ ഗണേഷ്പുരയില്‍ കര്‍ഷകനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി ബിജെപി നേതാവ്. കര്‍ഷകനായ രാം സ്വരൂപ് ധക്കാദും ഭാര്യയും കൃഷിയിടത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബിജെപി നേതാവ് മഹേന്ദ്ര നഗറും കൂട്ടാളികളുമാണ് ധക്കാദിനെ വഴിയില്‍ തടഞ്ഞ് മര്‍ദ്ദിച്ചത്. 

പ്രദേശത്തെ ചെറുകിട കര്‍ഷകരുടെ ഭൂമി സ്വന്തമാക്കാനുള്ള മഹേന്ദ്ര നഗറിന്‍റെ ശ്രമമാണ് കൊലപാതകത്തിലെത്തിയത്. ഭൂമി തനിക്ക് വില്‍ക്കണമെന്ന് ആവശ്യപ്പെട്ട് മഹേന്ദ്ര നഗര്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് നിരസിച്ചതിനായിരുന്നു മര്‍ദ്ദനമെന്ന് ധക്കാദിന്‍റെ കുടുംബം ആരോപിക്കുന്നു. ധക്കാദും ഭാര്യയും കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ തടഞ്ഞു നിര്‍ത്തി കമ്പുകൊണ്ട് റോഡിലിട്ട് തല്ലുകയായിരുന്നു. ശേഷം കര്‍ഷകന്‍റെ ശരീരത്തിലൂടെ ഥാര്‍ ജീപ്പ് കയറ്റി. 

അച്ഛനു നേരയുണ്ടായ ആക്രമണം തടുക്കുന്നതനിടെ ധക്കാദിന്‍റെ മകളെയും സംഘം ആക്രമിച്ചു. തന്‍റെ മുകളില്‍ കയറിയിറുന്ന് വസ്ത്രം വലിച്ചൂരിയതായും വെടിവച്ചതായും യുവതി പറഞ്ഞു.  ഒരു മണിക്കൂറോളം ആക്രമണം തുടര്‍ന്നു. മര്‍ദിച്ച് അവശനാക്കിയ ശേഷം പ്രതികള്‍ തോക്കുചൂണ്ടി മണിക്കൂറുകളോളം ധക്കാദിനെ തടഞ്ഞുവച്ചെന്നും കുടുംബം ആരോപിച്ചു. ഒടുവിൽ ധക്കാദിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം മരിച്ചു.

മഹേന്ദ്ര നഗറിനെയും കുടുംബത്തിലെ മൂന്ന് സ്ത്രീകളെയും മറ്റു 14 പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊലപാതക കുറ്റം അടക്കം ചുമത്തിയാണ് കേസ്. ഭൂമി ആവശ്യപ്പെട്ട് മഹേന്ദ്ര നിരന്തരം ഭീഷണിയാണെന്നാണ് ഗണേഷ്പുരയിലെ ഗ്രാമീണര്‍ പറയുന്നത്. 25 ഓളം പേർ കുറഞ്ഞ വിലയ്ക്ക് ഭൂമി വിറ്റ് ഗ്രാമം വിട്ടുപോകാൻ നിർബന്ധിതരായതായും ഗ്രാമീണര്‍ പറഞ്ഞു. 

ENGLISH SUMMARY:

Farmer murder in Madhya Pradesh highlights a tragic land dispute. A BJP leader and his associates are accused of fatally attacking a farmer, sparking outrage and raising concerns about land grabbing in the region.