മധ്യപ്രദേശിലെ ഇൻഡോറിൽ ഐസിസി വനിതാ ലോകകപ്പിനെത്തിയ രണ്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളോട് ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ 29 കാരൻ നീണ്ട ക്രിമിനൽ ചരിത്രമുള്ള സ്ഥിരം കുറ്റവാളി. പ്രതി നിത്ര എന്ന അഖീലിനെതിരെ കുറഞ്ഞത് 10 ക്രിമിനൽ കേസുകളുണ്ട്. പീഡനം, കവർച്ച, ആക്രമണം, കൊലപാതകശ്രമം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെയുള്ളത്. 10 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം അടുത്തിടെയാണ് അഖീല്‍ ഭൈരവ്ഗഡ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
അഖീലിനെതിരായ ചില കേസുകൾ 2012 മുതലുള്ളതാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിന് പുറമേ, ആയുധ നിയമവും മയക്കുമരുന്ന് വിരുദ്ധ നിയമമായ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട് പ്രകാരവും നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. പെയിന്‍റിങ് തൊഴിലാളിയാണ് പ്രതി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ, ലോകകപ്പ് മത്സരത്തിനായി ഇൻഡോറിൽ എത്തിയ ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ട് അംഗങ്ങൾ അവർ താമസിക്കുന്ന ഹോട്ടലിന് സമീപമുള്ള കഫേയിലേക്ക് നടക്കുന്നതിനിടെയാണ് പീഡനശ്രമമുണ്ടായത്. ഇരുചക്രവാഹനത്തിലെത്തിയ പ്രതി വനിതാ താരങ്ങളെ പിന്തുടരുകയും കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. താരങ്ങൾ ഉടൻ തന്നെ ടീമിന്‍റെ സുരക്ഷാ മാനേജരായ ഡാനി സിമ്മൺസുമായി ബന്ധപ്പെട്ടു. അദ്ദേഹം പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് സഹായത്തിനായി ഒരു വാഹനം എത്തിച്ചു. ഇതിനിടെ പ്രതി വേഗത്തില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുപോയെങ്കിലും സംഭവത്തിന് സാക്ഷിയായ ഒരാൾ കുറിച്ചെടുത്ത മോട്ടോർസൈക്കിളിന്‍റെ റജിസ്ട്രേഷൻ നമ്പറും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പിന്തുടര്‍ന്ന് പൊലീസ് അഖീലിനെ കണ്ടെത്തുകയായിരുന്നു.
ഇടുങ്ങിയ വഴികളിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ മോട്ടോര്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് ഇടിച്ച് ഇടതുകൈയിലും വലത് കാലിലും പൊട്ടലുണ്ടായി. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ പിന്തുടരുകയും ആക്രമിക്കുകയും ചെയ്തതിന് പ്രതിക്കെതിരെ കേസുകള്‍ ചുമത്തിയിട്ടുണ്ട്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ ജാമ്യത്തിലോ പരോളിലോ പുറത്തിറങ്ങുമ്പോൾ പുതിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നതാണ് പതിവ്. ഒരു വർഷം മുമ്പ് യുവ ദമ്പതികളെ കത്തികൊണ്ട് ആക്രമിക്കുകയും സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിന് കേസും അഖീലിനെതിരെയുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. മറ്റൊരു കേസിൽ, ഉജ്ജയിനിൽ പോലീസുകാരിൽ നിന്ന് റൈഫിളുകൾ തട്ടിയെടുക്കുകയും വെടിവയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.
ഈ വർഷത്തെ വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ സഹ ആതിഥേയത്വം വഹിക്കുന്നതിനിടെ ഇൻഡോറിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്കെതിരായ ഞെട്ടിക്കുന്ന കുറ്റകൃത്യം വലിയ നാണക്കേടാണ്. മധ്യപ്രദേശ് കായിക മന്ത്രി വിശ്വാസ് സാരംഗ് സംഭവത്തെ ‘അതീവ ലജ്ജാകര’മെന്നാണ് വിശേഷിപ്പിക്കുകയും കര്‍ശനും മാതൃകാപരവുമായ ശിക്ഷാനടപടികള്‍ ഉറപ്പ് നല്‍കുകയും ചെയ്തു.