അഞ്ചുമാസത്തിനിടെ നാലുവട്ടം പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്ന് ആത്മഹത്യാക്കുറിപ്പിലെഴുതി വച്ച് ഡോക്ടര്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. കൈവെള്ളയില്‍ കുറിപ്പെഴുതിയ ശേഷം ജില്ലാ ആശുപത്രിയിലാണ് ഡോക്ടര്‍ ജീവനൊടുക്കിയത്. എസ്ഐ ഗോപാൽ ബഡ്‌നെ തന്നെ മാനസീകവും ശാരീരികവുമായി ആക്രമിച്ചുവെന്നും, പൊലീസുകാരന്‍റെ നിരന്തരമായ ഉപദ്രവം കാരണമാണ് താൻ ജീവിതം അവസാനിപ്പിക്കുന്നതെന്നും കുറിപ്പില്‍ അവര്‍ പറയുന്നു.
‘എസ്ഐ ഗോപാൽ ബഡ്‌നെയാണ് എന്‍റെ മരണത്തിന് കാരണം. അയാൾ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലധികമായി അയാൾ എന്നെ ബലാല്‍സംഗത്തിനും മാനസീകവും ശാരീരികവുമായ പീഡനത്തിനും ഇരയാക്കി ' എന്നാണ് ഡോക്ടറുടെ കയ്യിലെ കുറിപ്പില്‍ പറയുന്നത്.
ഫൽട്ടൺ ഉപജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫിസറായിരുന്ന ഡോക്ടറുടെ ആത്മഹത്യ സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. കൈപ്പത്തിയിലെ കുറിപ്പിന് പുറമെ, ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങൾക്ക് മുമ്പ് ഫൽട്ടൺ സബ് ഡിവിഷണൽ ഡിഎസ്പിക്ക് അയച്ച കത്തിലും യുവതി സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.
ഡിഎസ്പിക്ക് അയച്ച കത്തിൽ വനിതാ ഡോക്ടർ ഫൽട്ടൺ റൂറൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് പീഡനം ആരോപിച്ച് നിയമനടപടി ആവശ്യപ്പെട്ടിരുന്നത്. എസ്ഐ ബഡ്‌നെയ്കക്ക് പുറമെ സബ് ഡിവിഷണൽ പൊലീസ് ഇൻസ്പെക്ടർ പാട്ടീൽ, അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടർ ലഡ്പുത്രെ എന്നിവരെ കത്തിൽ പേരെടുത്ത് പറഞ്ഞിരുന്നു. ആരോപണവിധേയനായ എസ്ഐ ഗോപാൽ ബഡ്‌നയെ മഹാരാഷ്ട്ര പൊലീസില്‍ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഡോക്ടറുടെ ആത്മഹത്യയില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.