ദീപാവലിക്ക് പിന്നാലെ പുക മൂടി ഡൽഹി . ചട്ടങ്ങൾ ലംഘിച്ചുള്ള പടക്കം പൊട്ടിക്കൽ മൂലം വായുനിലവാരം അപകടകരമായ അവസ്ഥയിലെത്തി. വായു നിവാര സൂചിക പഞ്ചാബി ബാഗിൽ 999 ലും നാരായണയിൽ 611 ലും എത്തി. ശൈത്യകാലത്തിനു മുന്നോടിയായുള്ള മഴ ഉടൻ എത്തിയില്ലെങ്കിൽ ഈ മാസം അവസാനം കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമത്തിലാണ് ഡൽഹി സർക്കാർ.
വായു നിലവാര സൂചിക 200ന് മുകളിൽ പോയാൽ അനാരോഗ്യകരമായ അവസ്ഥയിലേക്ക് അന്തരീക്ഷം എത്തിയെന്നാണ് അർത്ഥം. അപ്പോഴാണ് പഞ്ചാബി ബാഗിൽ 999 ഉം നാരായണയിൽ 611 ഉം രേഖപ്പെടുത്തിയത്. 38 വായുനിരീക്ഷണ കേന്ദ്രങ്ങളിൽ 36 എണ്ണത്തിലും മലിനീകരണ തോത് റെഡ് സോണിൽ.
ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിൽ ഹരിത പടക്കങ്ങൾ പൊട്ടിക്കാനാണ് സുപ്രീം കോടതി അനുമതി നൽകിയിരുന്നെങ്കിലും ആഘോഷം പുലർച്ചെയും തുടർന്നു. തീപിടുത്തങ്ങളെ തുടർന്ന് 269 എമർജൻസി കോളുകൾ ലഭിച്ചുവെന്നാണ് ഡൽഹി പൊലീസിന്‍റെ കണക്ക്. അനുമതികളെല്ലാം ലഭിച്ചതിനാൽ കൃത്രിമ മഴയ്ക്കുള്ള ട്രയൽ സർക്കാർ ഉടൻ നടത്തിയേക്കും. പതിവുപോലെ വായു നിലവാരത്തെ ചൊല്ലി BJP, AAP രാഷ്ട്രീയ വാഗ്വാദം തുടരുകയാണ്.