30വര്‍ഷത്തോളമായി വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ താമസിക്കുകയായിരുന്ന ബംഗ്ലദേശ് ട്രാന്‍സ് വ്യക്തി മുംബൈയില്‍ അറസ്റ്റില്‍. ബാബു അയാന്‍ ഖാന്‍ എന്ന ജ്യോതിയാണ് പിടിയിലായത്. ‘ഗുരു മാ’എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ഇവര്‍ 200 ബംഗ്ലദേശ് പൗരന്‍മാരെ അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിയ കേസിലും പ്രതിയാണ്. മുംബൈ പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ഈ എണ്ണം വര്‍ധിക്കാനും സാധ്യതയുണ്ട്.
മുന്നൂറോളം അനുയായികളുള്ള ആത്മീയ നേതാവ് കൂടിയാണ് ‘ഗുരു മാ’. വ്യാജ തിരിച്ചറിയല്‍ രേഖകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും കണ്ടെടുത്തു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് അതിർത്തി വഴി ആളുകളെ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കടത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഗുരു മായെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെത്തിക്കഴിഞ്ഞാൽ, ഈ ആളുകളെ കുറച്ച് ദിവസത്തേക്ക് കൊൽക്കത്തയിൽ താമസിപ്പിക്കും. തുടര്‍ന്ന് അവർക്കായി വ്യാജ ജനന സർട്ടിഫിക്കറ്റുകളും സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റുകളും തയ്യാറാക്കി നൽകും. പിന്നീട് ആളുകളെ മുംബൈയിലേക്ക് കൊണ്ടുവന്ന് ശിവാജി നഗറിൽ താമസിപ്പിക്കും. ഓരോ മുറിയിലും മൂന്നുനാലുപേരെ താമസിപ്പിച്ചു. ഇവർ ഗുരു മായ്ക്ക് പ്രതിമാസം 5,000 മുതൽ 10,000 രൂപ വരെ നിർബന്ധിത വാടകയായി നല്‍കണമെന്നതാണ് വ്യവസ്ഥ.
മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് കീഴിൽ റജിസ്റ്റർ ചെയ്ത ഫ്ലാറ്റുകളും കുടിലുകളും ‘ഗുരു മാ’ കൈയേറിയതായും പോലീസ് അന്വേഷണത്തിൽ വെളിപ്പെട്ടു. 200-ൽ അധികം വീടുകൾ ഇവർ കൈയടക്കിയതായും അവ വാടകയ്ക്ക് നൽകി ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചതായും റിപ്പോർട്ടുണ്ട്. ആളുകളെ നിർബന്ധിച്ച് ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചതായും വിവിധ സ്ഥലങ്ങളിലേക്ക് അയച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.