TOPICS COVERED

ഗ്രാമപ്രദേശത്തുള്ള കുഞ്ഞുങ്ങള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കാനായി എട്ടു മണിക്കൂര്‍ നടന്ന മണിപ്പൂരില്‍ നിന്നുമുള്ള ആശാ പ്രവര്‍ത്തകയെ  പ്രശംസ കൊണ്ടു മൂടുകയാണ് രാജ്യം. തമെങ്‌ലോങ് ജില്ലയിലെ അറ്റാങ്‌ഖുള്ളെൻ ഗ്രാമത്തിൽ നിന്നുള്ള മെയ്ഡിൻലിയു ന്യൂമായി ആണ്   51–ാം വയസിലും തന്‍റെ ഗ്രാമത്തിലെ 17 കുട്ടികൾക്ക് പോളിയോ വാക്സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോളിയോ വാക്സിൻ കാരിയറും വഹിച്ചുകൊണ്ട് 28 കിലോമീറ്റർ വനപ്രദേശങ്ങളും കുന്നുകളും കടന്നത്.

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ക്യാംപയിനിന്‍റെ  ഭാഗമായി മണിപ്പൂർ സർക്കാർ അടുത്തിടെ സംസ്ഥാനവ്യാപകമായി പോളിയോ ഇമ്മ്യൂണൈസേഷൻ ഡ്രൈവ് ആരംഭിച്ചിരുന്നു. വിദൂര പ്രദേശങ്ങളിലെ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളിലേക്ക് പോളിയോ വാക്സിന്‍ എത്തിക്കുന്നതില്‍ മെയ്ഡിൻലിയവിനെ പോലെയുള്ള ആശാ പ്രവർത്തകർ നിർണായക പങ്കാണ് വഹിക്കുന്നത്.

റോഡുകളുടെയും ഗതാഗതത്തിന്റെയും അഭാവം ഇവരുടെ ജോലിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്​ടിക്കുന്നത്. മെയ്ഡിൻലിയുവിന്‍റെ ഗ്രാമത്തിലേക്ക് എത്താന്‍  അഞ്ച് നദികളും ഇടതൂർന്ന വനപ്രദേശങ്ങളിളും കടക്കേണ്ടതുണ്ട്. ഈ ദുരിതത്തിനിടയിലും തന്‍റെ ജോലിയോട് പ്രതിജ്ഞാബദ്ധയാണ് മെയ്ഡിൻലിയു. 

ആശാപ്രവര്‍ത്തകയുടെ സേവന സമർപ്പണത്തെ മണിപ്പൂർ ഗവർണർ അഭിനന്ദിച്ചു. '13 വർഷത്തെ അക്ഷീണ സേവനം. ആശാ വർക്കർ മെയ്ഡിൻലിയു  8 മണിക്കൂർ നടന്ന് കുന്നുകൾ കടന്ന് അറ്റാങ്‌ഖുനോ, അറ്റാങ്‌ഖുള്ളെൻ എന്നീ ഗ്രാമങ്ങളിൽ എത്തി പള്‍സ് പോളിയോ പ്രതിരോധ യജ്ഞം ഊര്‍ജിതമാക്കി, ആരോഗ്യ സേവനങ്ങളും മരുന്നും ലഭിക്കാത്ത ആരുമില്ലെന്ന് ഉറപ്പാക്കി. അവരുടെ സമർപ്പണത്തിനും സേവനമനോഭാവത്തിനും ഒരു സല്യൂട്ട്,' എക്‌സിൽ മെയ്ഡിൻലിയുവിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഗവര്‍ണര്‍ അജയ് കുമാർ ഭല്ല കുറിച്ചു. 

ENGLISH SUMMARY:

ASHA worker Meidinliu Newmai's dedication is being praised for walking eight hours to deliver polio vaccines in Manipur. This shows the commitment of healthcare workers in reaching remote areas and ensuring children receive vital immunizations.