മണിപ്പുരില്‍ മെയ്തെയ് വിഭാഗക്കാരനായ യുവാവിനെ വധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വെടിയുതിര്‍ക്കും മുന്‍പ് യുവാവ് കൈകൂപ്പി അപേക്ഷിക്കുന്നതും പിന്നാലെ വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അവധിക്ക് ഭാര്യക്കൊപ്പം നില്‍ക്കാന്‍ വന്നപ്പോള്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
ചുരാചന്ദ്പൂർ ജില്ലയിൽ കുക്കി വിഭാഗത്തിൽപ്പെട്ട തന്‍റെ ഭാര്യയെ കാണാൻ പോയ മയങ്‌ലാംബം ഋഷികാന്ത സിങ്(28) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. കാക്ചിങ് ഖുനൗ സ്വദേശിയായ യുവാവ് നേപ്പാളിലായിരുന്നു ജോലി ചെയ്തിരുന്നത്. അവധിക്ക് നാട്ടിലെത്തിയ ഇയാള്‍ ഡിസംബർ 19 മുതൽ ചുരാചന്ദ്പൂരിലെ തുയിബോങ്ങില്‍ കുക്കി വിഭാഗക്കാരിയായ ഭാര്യ ചിങ്‌നു ഹാവോകിപ്പിനൊപ്പം താമസിക്കുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം സായുധരായ ഒരു സംഘം ദമ്പതികളെ തട്ടിക്കൊണ്ടുപോയി. ഭാര്യയെ പിന്നീട് വിട്ടയച്ചെങ്കിലും, ഋഷികാന്ത സിങ്ങിനെ നട്ചാങ് ഗ്രാമത്തിലേക്ക് കൊണ്ടുപോയി. ശേഷം പോയിന്‍റ് ബ്ലാങ്കിൽ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കലാപകാരികള്‍ തന്നെയാണ് പുറത്തുവിട്ടത്. 'സമാധാനമില്ല, ജനകീയ സർക്കാരില്ല' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പുറത്തുവന്നത്. യുവാവ് കൈകൂപ്പി ജീവനായി യാചിച്ചെങ്കിലും യാതൊരു ദാക്ഷണ്യവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. ജനുവരി 22-ന് പുലർച്ചെയാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്.
സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് കരാറിൽ ഒപ്പിടാത്ത യുണൈറ്റഡ് കുക്കി നാഷണൽ ആർമി എന്ന സംഘടനയിലെ അംഗങ്ങളാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കുക്കി നാഷണൽ ഓർഗനൈസേഷന്‍റെ തുയിബോങ് ജില്ലാ ആസ്ഥാനത്ത് നിന്നും ഋഷികാന്ത് സിങ്ങിനെ കുറച്ചുദിവസം ഒപ്പം താമസിക്കുന്നതിനായി ഭാര്യ അനുമതി വാങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അത്തരം ഒരു അനുമതിയും നൽകിയിട്ടില്ലെന്നാണ് കെഎൻഒയുടെ വിശദീകരണം.