പതിനഞ്ചുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പശ്ചിമ ബംഗാളിലെ പ്രശസ്ത യുട്യൂബറും മകനും അറസ്റ്റില്‍. സോഷ്യല്‍മീഡിയയില്‍ ലക്ഷക്കണക്കിനു ഫോളോവേഴ്സുള്ള അരബിന്ദ മണ്ഡലും ടീനേജുകാരനായ മകനുമാണ് പിടിയിലായത്. സംഭവത്തില്‍ പോക്സോ വകുപ്പില്‍ എഫ്ഐആര്‍ തയ്യാറാക്കി പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു. മകന്‍ ജുവനൈല്‍ കോടതിയുടെ നിയന്ത്രണത്തിലും അരബിന്ദ മുന്നുദിവസത്തെ പൊലീസ് കസ്റ്റഡിയിലുമാണ്. മകനെ പിന്നീട് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. അരബിന്ദനേയും മകനേയും ജോലിയില്‍ സഹായിക്കാനും റീലെടുക്കാനും മറ്റും ഒപ്പം നില്‍ക്കുകയും ചെയ്ത പെണ്‍കുട്ടിയാണ് പരാതിക്കാരി. പെൺകുട്ടി വസ്ത്രം മാറുന്നതിനിടെ മണ്ഡലും മകനും ചേർന്ന് ദൃശ്യങ്ങള്‍ രഹസ്യമായി ഫോണില്‍ ചിത്രീകരിക്കുകയും ഇതുകാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഫയല്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ വീടിനു സമീപത്തുള്ള പ്രതികളുടെ വീട്ടില്‍വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയിലുണ്ട്.
ശാരീരികമായി അവശയായ പെണ്‍കുട്ടി രണ്ടു ദിവസം മുന്‍പ് കാര്യങ്ങള്‍ വിവരിച്ചപ്പോഴാണ് കുടുംബം കുട്ടിക്കുണ്ടായ ദുരനുഭവം അറിയുന്നത്. 42 വയസ്സുകാരനായ അരബിന്ദയെ തങ്ങളുടെ കുടുംബം വിശ്വസിച്ചിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു. പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഏതാനും മാസങ്ങൾക്ക് മുൻപാണ് അച്ഛനും മകനും ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ സമീപിച്ചത്, ഷോർട്ട് ഫിലിം പ്രോജക്റ്റുകളിൽ അവരെ സഹായിക്കാനായിരുന്നു ആവശ്യം. ഇവരെ വിശ്വസിച്ച് പെൺകുട്ടി ചിത്രീകരണത്തിനായി വിവിധ സ്ഥലങ്ങളിലേക്ക് പ്രതികള്‍ക്കൊപ്പം പോവുകയും ചെയ്തതായി കുടുംബം പറയുന്നു.