TOPICS COVERED

ഹരിയാനയില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്തതില്‍ അന്വേഷണം പുരോഗമിക്കവേ വീണ്ടും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി ആത്മഹത്യ ചെയ്തു. റോഹ്തക്കിലെ സൈബർ സെല്ലിൽ ജോലി ചെയ്തിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) സന്ദീപ് കുമാറാണ് ജീവനൊടുക്കിയത്. നേരത്തെ ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ പുരൺ കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സന്ദീപ് കുമാർ സ്വയം വെടിവച്ച് മരിച്ചത്. പുരൺ കുമാറിനെതിരായ അഴിമതി കേസ് അന്വേഷിച്ചുകൊണ്ടിരുന്ന സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു സന്ദീപ് കുമാര്‍.

സത്യത്തിനു വേണ്ടി തന്റെ ജീവിതം ത്യജിക്കുകയാണെന്ന് കുറിപ്പെഴുതി വച്ചിട്ടാണ് സന്ദീപ് കുമാര്‍ ആത്മഹത്യ ചെയ്തത്. പുരൺ കുമാർ ഒരു അഴിമതിക്കാരനായ പൊലീസുകാരൻ ആയിരുന്നുവെന്നും അദ്ദേഹത്തിനെതിരെ നിരവധി തെളിവുകളുണ്ട്, തന്റെ അഴിമതി പുറത്തുവരുമെന്ന് ഭയന്നപ്പോൾ ആത്മഹത്യ ചെയ്തുവെന്നുമാണ് സന്ദീപ് കുമാറിന്‍റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ഭയക്കുന്നുണ്ടെന്നും മരിക്കുന്നതിന് മുമ്പ് ഈ അഴിമതി തുറന്നുകാട്ടാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ഞാൻ എന്റെ ജീവൻ ബലിയർപ്പിക്കുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്. പുരണ്‍ കുമാറിന്‍റെ ആത്മഹത്യയില്‍ പുറത്താക്കപ്പെട്ട റോഹ്തക് എസ്‌പി നരേന്ദ്ര ബിജാർണിയയ്ക്ക് ജീവനൊടുക്കും മുന്‍പ് റെക്കോര്‍ഡ് ചെയ്ത വിഡിയോയിലൂടെ സന്ദീപ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നരേന്ദ്ര ബിജാർണിയ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് സന്ദീപ് വിഡിയോയില്‍ പറയുന്നത്.

അതേസമയം, പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിജിപിയെ നിർബന്ധിത അവധിയിൽ വിട്ടിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്‍റെ നിർദേശപ്രകാരമാണ് ശത്രുജീത് കപൂർ അവധിയിൽ പോയത്. പുരൺ കുമാറിന്‍റെ ആത്മഹത്യക്കുറിപ്പിൽ ഡിജിപിക്കെതിരെ പരാമർശമുണ്ട്. ഒക്ടോബർ 7 നാണ് പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്തത്. ചണ്ഡിഗഡിലെ വസതിയിൽ സ്വയം വെടിവച്ച് ജീവനൊടുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒൻപതു പേജുള്ള ആത്മഹത്യാ കുറിപ്പും പൊലീസിനു ലഭിച്ചിരുന്നു. ഡിജിപി ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥരുടെ പേര് കുറിപ്പിൽ ഉണ്ടെന്നാണു വിവരം.

പുരണ്‍ കുമാറിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അൻമീത് പി.കുമാർ നൽകിയ ആത്മഹത്യാ പ്രേരണ പരാതിയില്‍ ഹരിയാന ഡിജിപി ശത്രുജീത് സിങ് കപൂർ, റോഹ്തക് എസ്പി നരേന്ദ്ര ബിജാർനിയ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ജാതിയുടെ പേരിൽ തന്റെ ഭർത്താവിനെ അധിക്ഷേപിച്ചെന്നും മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും ഭാര്യ അൻമീത് ആരോപിച്ചിരുന്നു. സംഭവത്തില്‍ ചണ്ഡീഗഡ് പൊലീസ് ആറ് അംഗ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്.

ENGLISH SUMMARY:

In a shocking development, another Haryana police officer has died by suicide amid the ongoing probe into senior officer Puran Kumar’s death. Assistant Sub-Inspector Sandeep Kumar, posted in the Rohtak Cyber Cell, shot himself after writing a note alleging corruption by Puran Kumar, who had also recently died by suicide. In his note, Sandeep claimed he was sacrificing his life for the truth and demanded a fair investigation. He also voiced support for suspended Rohtak SP Narendra Bijarnia. Earlier, Haryana DGP Shatrujit Singh Kapoor was sent on forced leave after being named in Puran Kumar’s suicide note. The government has formed a six-member SIT to investigate both deaths and the related corruption allegations.