ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഡല്‍ഹി തീസ്ഹസാരി കോടതിയില്‍ തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. കോടതിയിൽ സുരക്ഷാ ചുമതലകൾക്കായി നിയമിതനായ ഡൽഹി പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജേഷ് (50) ആണ് മരിച്ചത്.
കോടതി പരിസരത്ത് നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ അദ്ദേഹം കോടതിയിലേക്ക് എത്തുന്നതും സഹപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതും കാണാം. തന്‍റെ ഇരിപ്പിടത്തിലേക്ക് പോകും വഴി എസ്‌കലേറ്ററിൽ കയറുന്നതിന് തൊട്ടുമുന്‍പ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. മറ്റ് പൊലീസ് ഉദ്യോഗസ്ഥർ സഹായത്തിനായി ഓടിയെത്തുന്നതിനു മുന്‍പേ ബോധം നഷ്ടപ്പെട്ട് നിലത്തു വീണിരുന്നു. ഉടന്‍ അടിയന്തര സഹായം ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. ALSO READ: ഹൃദയാഘാതം; നടനും പ്രശസ്ത ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു...
ലോകത്ത് ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ദിവസവും ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തിലുണ്ടാകുന്ന തടസ്സമാണ് കാരണം. ഹൃദയാഘാതത്തിന് ദിവസങ്ങൾക്കോ മാസങ്ങൾക്കോ മുൻപ് പ്രോഡ്രോമൽ സിംപ്റ്റംസ് എന്നറിയപ്പെടുന്ന ഹൃദയാഘാതത്തിലേക്കു നയിക്കുന്ന ലക്ഷണങ്ങൾ മിക്ക ആളുകളിലും പ്രകടമാകും. നെഞ്ചുവേദന, നെഞ്ചിന് കനം, ഹാർട്ട് പാൽപ്പിറ്റേഷൻസ്, ശ്വാസമെടുക്കാൻ പ്രയാസം, നെഞ്ചിന് എരിച്ചിൽ, കടുത്ത ക്ഷീണവും തളർച്ചയും എന്നിവയാണ് ലക്ഷണങ്ങള്‍. ഈ അപകടസൂചനകളെ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടുന്നത് പൂർണമായ ഒരു രോഗമുക്തിക്ക് സഹായിക്കും. ഹൃദയാഘാതം ഉണ്ടാകുമ്പോൾ ആദ്യ ഒരു മണിക്കൂറിനുള്ളിൽ ചികിൽസ തേടിയാൽ രക്ഷപ്പെടാനുള്ള സാധ്യത 60 മുതൽ 70 ശതമാനം വരെ ആണ്.
ഹൃദയത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം. ഹൃദയത്തിലെ രക്തക്കുഴലുകൾക്ക് പ്രശ്നങ്ങളുണ്ടാകുക, ഹൃദയ മസിലുകൾക്ക് ബലക്ഷയമുണ്ടാകുക (കാർഡിയോ മയോപ്പതി), ജന്മനാതന്നെ ഹൃദയത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ, ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്നു നിന്നു പോകുക, നെഞ്ചിടിപ്പിന്റെ താളം തെറ്റുക എന്നിവയാണ് ഹൃദയത്തെ ബാധിക്കാവുന്ന പ്രധാന പ്രശ്നങ്ങൾ. 80ശതമാനവും പെട്ടെന്നുള്ള ഹൃദയാഘാതങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം കൊറോണറി ആർട്ടറി രോഗങ്ങൾ അഥവാ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ആണ്. പുകവലി, അമിതമായ സ്ടെസ്സ് (മാനസിക സംഘർഷങ്ങൾ), ഡയബറ്റിസ് ഇതെല്ലാം ഹൃദയാഘാതത്തിന് കാരണമാണ്.