Ai Generated Images
സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കര്‍ണാടക സര്‍ക്കാര്‍. വര്‍ഷത്തില്‍ ശമ്പളത്തോടുകൂടിയ 12 ആര്‍ത്തവ അവധികളാണ് വനിതാ ജീവനക്കാര്‍ക്കായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. എല്ലാ മാസവും ശമ്പളത്തോടുകൂടിയ ഒരു അവധി ഇനിമുതല്‍ സ്ത്രീകള്‍ക്ക് ലഭിക്കും. മെന്‍സ്ട്രുവല്‍ ലീവ് പോളിസി 2025 പ്രകാരമാണ് ഈ ആനുകൂല്യം നടപ്പാക്കാന്‍ പോകുന്നത്.
തൊഴിൽ മേഖലയില്‍ സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് ഈ നയം രൂപകല്‍പ്പന ചെയ്യുന്നതെന്ന് കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് എസ് ലാഡ് വ്യക്തമാക്കി. സംസ്ഥാനത്തുടനീളമുളള സര്‍ക്കാര്‍ ഓഫീസുകള്‍, ഐടി സ്ഥാപനങ്ങള്‍, വസ്ത്രനിര്‍മാണശാലകള്‍, ബഹുരാഷ്ട്ര കമ്പനികള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഈ അവധി അനുവദിക്കണം. ആര്‍ത്തവാവധി നയത്തിന് തൊഴില്‍ വകുപ്പ് ഭരണാനുമതി തേടിയിട്ടുണ്ട്. മന്ത്രിസഭ അനുമതി നല്‍കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ ഇത്തരമൊരു സമഗ്ര നയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക മാറുമെന്നും മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.
2024ല്‍ പ്രതിവര്‍ഷം 6 ആര്‍ത്തവ അവധി എന്ന നിര്‍ദേശം തൊഴില്‍ വകുപ്പ് മുന്നോട്ടുവച്ചിരുന്നു. പിന്നീടാണ് വര്‍ഷത്തില്‍ ശമ്പളത്തോടുകൂടിയ 12 ആര്‍ത്തവ അവധി എന്ന രീതിയിലേക്ക് നയം മാറ്റിയത്. കര്‍ണാടക കൂടാതെ ബീഹാറും ഒഡീഷയും വര്‍ഷത്തില്‍ 12 ദിവസത്തെ ആര്‍ത്തവ അവധി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ആനുകൂല്യം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ലഭിക്കുക.