മധ്യപ്രദേശിലും രാജസ്ഥാനിലും ചുമമരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ശ്രേസൻ ഫാര്‍മ ഉടമ രംഗനാഥന്‍ അറസ്റ്റില്‍. ചെന്നൈയില്‍നിന്നാണ് ഇയാളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റുചെയ്തത്. സംഭവം ഉണ്ടായതിന് പിന്നാലെ രംഗനാഥന്‍ ഒളിവില്‍ പോയിരുന്നു. മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ ചുമമരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചതോടെ മരണം 21 ആയി. ചിന്ദ്‌വാരയില്‍ മാത്രം 18 കുഞ്ഞുങ്ങളാണ് ചുമമരുന്ന് കഴിച്ച് മരിച്ചത്. Also Read: കഫ് സിറപ്പുകള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് പൂര്‍ണമായും ഒഴിവാക്കണോ?
കുട്ടികളുടെ മരണത്തിനു പിന്നാലെ, തമിഴ്നാട് സീനിയർ ഡ്രഗ്സ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്ലാന്റിൽ നടത്തിയ പരിശോധനയിൽ ഗുരുതര ചട്ടലംഘനങ്ങൾ കണ്ടെത്തിയിരുന്നു. കോൾഡ്രിഫ് സിറപ്പിൽ വ്യാവസായിക ആവശ്യത്തിനുള്ള രാസവസ്തു ഡൈഎത്തിലീൻ ഗ്ലൈക്കോൾ 48.6% അടങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക വിശകലനത്തിൽ കണ്ടെത്തി. ഇതു ചെറിയ അളവിൽ ഉള്ളിൽച്ചെന്നാൽ പോലും ഗുരുതര വൃക്ക തകരാറും മരണവും സംഭവിക്കാം. ഉൽപാദനം തടഞ്ഞതിനു പിന്നാലെ, കമ്പനിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മറ്റു സംസ്ഥാനങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്രയിലും കോൾഡ്രിഫ് സിറപ് നിരോധിച്ചു. മധ്യപ്രദേശും രാജസ്ഥാനും കമ്പനിക്കെതിരെ ക്രിമിനൽ നടപടികളും തുടങ്ങി.
പുഴുക്കടിക്കുള്ള മരുന്ന് മുതൽ ആന്റിബയോട്ടിക്കും പ്രമേഹ മരുന്നും ഉൾപ്പെടെ ശ്രേസൻ ഫാർമ നിർമിക്കുന്നുണ്ട്. വേദനസംഹാരികളും ഏറെയുണ്ട്. പാരസെറ്റമോളിനൊപ്പം വിവിധ സംയുക്തങ്ങൾ ചേർത്തുള്ള കോംബിനേഷൻ മരുന്നുകളാണ് ഏറെയും. കുട്ടികൾക്കുള്ള സിറപ്പുകളിൽ വിശപ്പുണ്ടാക്കുന്നത്, വൈറ്റമിൻ, അലർജി മരുന്നുകളുമുണ്ട്. വിവാദത്തിൽപ്പെട്ട കോൾഡ്രിഫ് സിറപ്പിനു പുറമേ ഗുളികയുമുണ്ട്.