തമിഴ്നാട് ഡിണ്ടിഗലില്‍ നീറ്റ് പരീക്ഷാ തട്ടിപ്പില്‍ വിദ്യാര്‍ഥിനിയും മാതാപിതാക്കളും അറസ്റ്റില്‍. വ്യാജ സര്‍ട്ടിഫിക്കറ്റുമായി മെഡിക്കല്‍ പ്രവേശനം തേടിയ പഴനി സ്വദേശി കാരുണ്യ ശ്രീദര്‍ശിനിയും മാതാപിതാക്കളുമാണ് പിടിയിലായത്. നീറ്റ് പരീക്ഷയില്‍ 228 മാര്‍ക്കാണ് കാരുണ്യയ്ക്ക് ലഭിച്ചത്. എന്നാല്‍ നീറ്റ് പരീക്ഷയില്‍ 456 മാര്‍ക്ക് ലഭിച്ചന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു. ഇതുപയോഗിച്ച് ഡിണ്ടിഗലില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം തേടി.
സെപ്തംബര്‍ 20ന് പെണ്‍കുട്ടി സര്‍ട്ടിഫിക്കറ്റ് ഡിണ്ടിഗല്‍ മെഡിക്കല്‍ കോളജില്‍ സമര്‍പ്പിച്ചു. പക്ഷേ അധികൃതര്‍ക്ക് സെലക്ഷന്‍ ലിസ്റ്റില്‍ പെണ്‍കുട്ടിയുടെ പേര് കണ്ടെത്താനായില്ല. ഇതോടെ രേഖകള്‍ ചെന്നൈയിലെ ഡയറക്ടറേറ്റിലേക്ക് അയച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.
കഴിഞ്ഞ മൂന്നാംതീയതി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തി. കാരുണ്യ ദര്‍ശനിയുടെ മാതാപിതാക്കളായ ചൊക്കനാഥന്‍, മുരുഗേശ്വരി എന്നിവരേയും പൊലീസ് അറസ്റ്റുചെയ്തു. വ്യാജരേഖകള്‍ ചമച്ചതിനുള്‍പ്പെടെയാണ് നിലവില്‍ കേസ് എടുത്തിട്ടുള്ളത്.