ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി മല്‍സരിക്കാന്‍ പ്രശസ്ത യുവ സംഗീതജ്ഞ മൈഥിലി താക്കൂര്‍. നേരത്തെ മുതല്‍ എന്‍.ഡി.എയോട് ആഭിമുഖ്യമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് മികച്ച ഭരണമാണെന്നും മൈഥിലി പറഞ്ഞു. ബി.ജെ.പി. നേതാക്കളുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ചയും നടത്തി. ഭോജ്പുരി നടി അക്ഷര സിങ്ങും ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്.
ബിഹാറില്‍ ഏറെ ആരാധകരുള്ള ഗായികയാണ് ഇരുപത്തിയഞ്ചുകാരിയായ മൈഥിലി താക്കൂര്‍. നാടന്‍ പാട്ടുകളും ഭജനുകളും ആലപിച്ചാണ് ശ്രദ്ധനേടിയത്. നിരവധി ടെലിവിഷന്‍ ഷോകളിലും വിജയിയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായിയെയും ബി.ജെ.പി. ബിഹാര്‍ തിരഞ്ഞെടുപ്പ് ഇന്‍ചാര്‍ജ് വിനോദ് താവ്‌ഡെയെയും സന്ദര്‍ശിച്ചതോടെയാണ് രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹം ശക്തമായത്. ലാലു പ്രസാദ് യാദവിന്‍റെ ഭരണകാലത്ത് ബിഹാര്‍ വിട്ട കുടുംബം പുതിയ ബിഹാറിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നു എന്ന് കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവച്ച്കൊണ്ട് വിനോദ് താവ്‍ഡെ സമൂഹമാധ്യമത്തില്‍ കുറിച്ചു. മധുബനി ജില്ലയിലെ ബേനിപത്തി ഗ്രാമത്തില്‍ ജനിച്ച മൈഥിലി കുടുംബത്തോടൊപ്പം ഡല്‍ഹി മധുരയിലാണ് ഇപ്പോള്‍ താമസം. താവ്‌ഡെയുടെ പോസ്റ്റ് പങ്കുവച്ച മൈഥിലി ബിഹാറിനെ കുറിച്ച് വലിയ സ്വപ്നങ്ങള്‍ കാണുന്ന നേതാക്കളുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് പ്രതികരിച്ചു. സ്വന്തം ഗ്രാമം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ സീറ്റ് ലഭിച്ചാല്‍ മല്‍സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പ്രതികരണം
മൈഥിലിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ യുവാക്കളുടെ വോട്ട് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്,. മധുബനിയോ ദര്‍ഭംഗയിലെ അലിഗഡ് സീറ്റോ നല്‍കിയേക്കും. ഭോജ്പുരി നടി അക്ഷര സിങ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ സന്ദര്‍ശിച്ചാണ് പാര്‍ട്ടി പ്രവേശം സംബന്ധിച്ച സൂചന നല്‍കിയത്. ഔപചാരിക സന്ദര്‍ശനമാണെന്നും മന്ത്രിയുടെ അനുഗ്രഹം വാങ്ങിയെന്നും അക്ഷരതന്നെ സമൂഹമാധ്യത്തില്‍ കുറിച്ചു.