‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന്റെ പ്രത്യാഘാതമെന്താണെന്ന് അറിയാമോ? ഒരു അനാഥാലയം സന്ദര്‍ശിച്ചാല്‍ മതി, പതിനഞ്ചുമുതല്‍ 20വരെ വയസുള്ള പെണ്‍കുട്ടികള്‍ വരിവരിയായി നില്‍ക്കുന്നത് കാണാം, കൈക്കുഞ്ഞുങ്ങളുമായി’–ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ വാക്കുകളാണിത്. ഏവരേയും നെറ്റി ചുളിപ്പിക്കുന്ന ഗവര്‍ണറുടെ പ്രസ്താവന ഇതിനോടകം തന്നെ വിവാദത്തിനു വഴിവച്ചിരിക്കുകയാണ്.
ബല്ലിയയിലെ ജനനായക് ചന്ദ്രശേഖര്‍ യൂണിവേഴ്സിറ്റി ബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ആനന്ദിബെന്‍ പട്ടേലിന്‍റെ അമ്പരപ്പിക്കുന്ന വാക്കുകള്‍. ‘ഇപ്പോള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ആണ് ട്രെന്‍ഡ്. ഈ അവസ്ഥയുടെ പ്രത്യാഘാതം എന്തെന്നറിയാന്‍ ഒരു അനാഥാലയം സന്ദര്‍ശിച്ചാല്‍ മതി, അവിടെ പതിനഞ്ചു മുതല്‍ 20വരെ പ്രായമുള്ള പെണ്‍കുട്ടികളെ കാണാം, എല്ലാവരുടേയും കയ്യില്‍ ഓരോ കൈക്കുഞ്ഞുങ്ങളേയും കാണാം. ഇത്തരത്തിലുള്ള ബന്ധം അത്യാഗ്രഹത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ക്കുന്നു. ‘ചെറിയ പെണ്‍കുട്ടികളെ ഹോട്ടലുകളിലേക്ക് വിളിക്കുന്നു, പിന്നാലെ ഗര്‍ഭിണിയാകുന്നു, കുഞ്ഞുണ്ടാവുമ്പോള്‍ ഉപേക്ഷിക്കുന്നു, ഇത് മൂല്യച്ച്യുതിയാണ്, ഇതുതന്നെ തുടരുന്നു’–ആനന്ദിബെന്‍ പറയുന്നു.
ലഹരിയില്‍ അടിമപ്പെടുന്ന യുവത്വത്തെക്കുറിച്ചും ഗവര്‍ണര്‍ സംസാരിച്ചു. അധ്യാപനത്തിലും പഠനത്തിലും ഉണ്ടാവേണ്ട മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചാണ് ഗവര്‍ണര്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഏതായാലും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെതിരായ പരാമര്‍ശം വലിയ ചര്‍ച്ചക്കാണ് വഴിവച്ചിരിക്കുന്നത്.