TOPICS COVERED

ഇന്ത്യയ്ക്ക് ഭീഷണിയായി ലഷ്കറെ തയിബയും ഐഎസും വീണ്ടും കൈകോര്‍ക്കുന്നു. കശ്മീരില്‍ ഭീകരപ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ഐഎസ് മാഗസീന്‍ പറയുന്നു. പാക് സൈന്യത്തിന്‍റെ അനുവാദത്തോെടയാണ് സഖ്യമെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്കുള്ള വിവരം. 

ഇന്ത്യയ്ക്ക് എന്നും താല്‍പ്പര്യമുള്ള പാക് പ്രവിശ്യയായ ബലൂചിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് ലഷ്കറെ തയിബയും ഐഎസും ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൈകോര്‍ക്കുന്നത്. ഐഎസിന്‍റെ ബലൂച് കോര്‍ഡിനേറ്റര്‍ മിര്‍ ഷാഫിഖ് മെംഗല്‍,, ലഷ്കര്‍ കമാന്‍ഡര്‍ റാണാ മുഹമ്മദ് അഷ്ഫാഖും ഒരുമിച്ചുള്ള ചിത്രങ്ങളടക്കം പുറത്തുവന്നു. സഖ്യ സൂചനയായി ഇരുവരും തോക്ക് കൈമാറുന്ന ചിത്രമാണുള്ളത്. പ്രവര്‍ത്തനം കശ്മീരിലേക്ക് വ്യാപിപ്പിക്കണമെന്ന് ഐഎസ് അനുകൂല മാഗസീനായ യാല്‍ഗാറിലും പറയുന്നുണ്ട്. ജമ്മു കശ്മീരിൽ വീണ്ടും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്താനുള്ള പാക് സൈന്യത്തിന്‍റെ നീക്കമായിട്ടാണ് പുതിയ സഖ്യത്തെ ഇന്ത്യന്‍ ഏജന്‍സികള്‍ വിലയിരുത്തുന്നത്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ താല്‍പ്പര്യമാണ് കശ്മിരിലും ബലൂചിസ്ഥാനിലും അഫ്ഗാനിലും ലഷ്കറെ തയിബയും ഐഎസും തമ്മിലുള്ള കൈകോര്‍ക്കല്‍. ബലൂച് വിഘടനവാദികളെയും അഫ്ഗാനിലെ പാക് പക്ഷത്തല്ലാത്ത താലിബാന്‍ നേതാക്കളെയും ഇവര്‍ ലക്ഷ്യം വയ്ക്കുമെന്നാണ് വിവരം.

ENGLISH SUMMARY:

Lashkar-e-Taiba and ISIS are joining hands again, posing a threat to India. This alliance aims to expand terrorist activities in Kashmir, with alleged support from the Pakistani military.