ചുമ മരുന്ന് മൂലം കുഞ്ഞുങ്ങളുടെ ജീവന്‍ പൊലിയുന്നത് തുടരുന്നു. മധ്യപ്രദേശില്‍ രണ്ടു വയസുകാരി കൂടി മരിച്ചു. കുട്ടികളുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അഭിഭാഷകൻ വിശാൽ തിവാരി പൊതുതാല്‍പര്യ ഹര്‍ജി നൽകി. റിലൈഫ്, റെസ്പിഫ്രഷ് ചുമ മരുന്നുകൾ മധ്യപ്രദേശ് സര്‍ക്കാരും കോൾഡ്രിഫ് ഹിമാചൽ സർക്കാരും നിരോധിച്ചു
മധ്യപ്രദേശില്‍ പനിയും ചുമയുമായി ചികിത്സയിലിരുന്ന 2 വയസുകാരിയാണ് അര്‍ധരാത്രിയോടെ മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും. ഇതോടെ ചുമ മരുന്ന് മൂലം മധ്യപ്രദേശില്‍ മാത്രം മരണം 15 ആയി. കുട്ടികളുടെ മരണത്തിൽ സിബിഐ അന്വേഷണം, എല്ലാ ചുമ മരുന്നും പരിശോധിക്കണം തുടങ്ങിയ ആവശ്യമുന്നയിച്ചാണ് സുപ്രീം കോടതിയില്‍ അഭിഭാഷകൻ വിശാൽ തിവാരി പൊതുതാല്‍പര്യ ഹര്‍ജി നൽകിയിട്ടുള്ളത്. ആരോഗ്യമേഖല കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണപരാജയം എന്നും വലിയ ക്രമക്കേടുകൾ നടക്കുന്നു എന്നും മധ്യപ്രദേശ്, രാജസ്ഥാൻ കോണ്‍ഗ്രസ് നേതാക്കൾ വിമര്‍ശിച്ചു.
നടപടി കടുപ്പിച്ച മധ്യപ്രദേശ് സർക്കാർ കൃത്യ നിര്‍വഹണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ചിന്ദ്വാരയിലെയും ജബൽപൂരിലെയും ഡ്രഗ് ഇൻസ്പെക്ടർമാരായ ഗൗരവ് ശർമ്മ, ശരദ് കുമാർ ജെയിൻ, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടര്‍ ശോഭിത് എന്നിവരെ സസ്‌പെൻഡ് ചെയ്തു. സംസ്ഥാന ഡ്രഗ് കൺട്രോളർ ദിനേശ് മൗര്യയെ സ്ഥലം മാറ്റി. ഉയർന്ന അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതോടെ കോൾ(ഡിഫിന് പുറമെ റിലൈഫ്, റെസ്പിഫ്രഷ് എന്നീ മരുന്നുകള്‍ കൂടി മധ്യപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. ഗുജറാത്തിൽ നിർമ്മിക്കുന്ന മരുന്നുകളാണിവ.