Chief Justice BR Gavai
രാജ്യത്തെ ഞെട്ടിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുനേരെ കോടതിമുറിക്കുള്ളില്‍ അതിക്രമത്തിന് ശ്രമം. മധ്യപ്രദേശിലെ ഖജൂരാഹോ ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് രാകേഷ് കിഷോര്‍ എന്ന അഭിഭാഷകന്‍ ധരിച്ചിരുന്ന ഷൂ ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായിക്കുനേരെ എറിയാനോങ്ങിയത്. സുരക്ഷാജീവനക്കാര്‍ അതിവേഗം ഇയാളെ തടഞ്ഞതിനാല്‍ ഷൂസ് നിലത്തുവീണു. കോടതിക്ക് പുറത്തേക്ക് കൊണ്ടുപോകുംവഴി ‘സനാതന ധര്‍മത്തെ അധിക്ഷേപിച്ചാല്‍ ക്ഷമിക്കില്ല...’ എന്ന് അക്രമി വിളിച്ചുപറയുന്നുണ്ടായിരുന്നു.
അഭിഭാഷകര്‍ നടുങ്ങിയെങ്കിലും ചീഫ് ജസ്റ്റിസിന് കുലുക്കമുണ്ടായില്ല. കോടതി നടപടികള്‍ തുടരാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ‘ഇതൊന്നും കണ്ട് അസ്വസ്ഥരാകേണ്ട. ഞങ്ങളുടെ ശ്രദ്ധ തിരിക്കാനാവില്ല. ബാധിക്കുകയുമില്ല. പിന്നെ എന്തിന് നിങ്ങള്‍ അസ്വസ്ഥരാകണം? അവഗണിച്ചേക്കുക...’ ചീഫ് ജസ്റ്റിസ് അഭിഭാഷകരോട് പറഞ്ഞു. ജസ്റ്റിസ് വിനോദ് കെ.ചന്ദ്രനും ഈസമയം ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചില്‍ ഉണ്ടായിരുന്നു. അക്രമിയെ സുരക്ഷാജീവനക്കാര്‍ സുപ്രീംകോടതിയിലെ പൊലീസ് യൂണിറ്റിന് കൈമാറി.
ഖജൂരാഹോ ക്ഷേത്രത്തില്‍ മഹാവിഷ്ണു പ്രതിമ പുനരുദ്ധരിച്ച് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാകേഷ് കിഷോര്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് നേരത്തേ തള്ളിയിരുന്നു. ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശങ്ങളാണ് ഇയാളെ ചൊടിപ്പിച്ചത്. ‘മഹാവിഷ്ണു വിഗ്രഹം പുനസ്ഥാപിക്കാന്‍ ദൈവത്തോടുതന്നെ പറയുന്നതാണ് നല്ലത്. നിങ്ങള്‍ ഭക്തനാണെന്നാണല്ലോ പറയുന്നത്, അപ്പോള്‍ ദൈവത്തോട് പോയി പ്രാര്‍ഥിക്കൂ. ഖജൂരാഹോ പുരാവസ്തുവകുപ്പിന്റെ സംരക്ഷണത്തിലുള്ള സ്ഥലമാണ്. അവിടെ എന്തുചെയ്യാനും അവരാണ് അനുമതി നല്‍കേണ്ടത്...’ എന്നുപറഞ്ഞാണ് ചീഫ് ജസ്റ്റിസ് ഹര്‍ജി തള്ളിയത്. ഇതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമണമുണ്ടായപ്പോള്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നയാളാണ് താന്‍ എന്ന് ചീഫ് ജസ്റ്റിസ് വിശദീകരിക്കുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് മൗറീഷ്യസ് സന്ദര്‍ശനത്തിനിടെ പ്രസംഗിക്കുന്നു
ചീഫ് ജസ്റ്റിസിനുനേരെയുണ്ടായ ആക്രമണശ്രമത്തില്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ കടുത്ത രോഷവും ആശങ്കയും രേഖപ്പെടുത്തി. അഭിഭാഷകന് ചേരാത്ത പ്രവൃത്തിയാണ് 71കാരനായ രാകേഷ് കിഷോര്‍ ചെയ്തതെന്നും കോടതിയും അഭിഭാഷകരും തമ്മിലുള്ള ബന്ധത്തിന്‍റെ അടിത്തറ തന്നെ ഉലയ്ക്കുന്നതാണ് ഇതെന്നും അസോസിയേഷന്‍ പ്രമേയത്തില്‍ കുറ്റപ്പെടുത്തി. കുറ്റക്കാരനെതിരെ കോടതി സ്വമേധയാ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രപിതാവിന്‍റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുന്ന ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്
2009ലും സുപ്രീംകോടതിയില്‍ ജഡ്ജിക്കുനേരെ ചെരുപ്പെറിയാന്‍ ശ്രമമുണ്ടായിട്ടുണ്ട്. കോടതിയലക്ഷ്യക്കേസിന്‍റെ വാദത്തിനിടെ ഒരു സ്ത്രീ ജസ്റ്റിസ് അരിജിത് പസായത്തിനുനേരെ ചെരുപ്പെറിഞ്ഞു. ജസ്റ്റിസ് പസായത്ത് ഒഴിഞ്ഞുമാറിയതിനാല്‍ ചെരുപ്പ് ദേഹത്ത് കൊണ്ടില്ല. സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെയുള്ള ആക്രമണ ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. സംഘപരിവാറിന്‍റെ വിദ്വേഷത്തിന്‍റെ വിഷം ചീറ്റലാണ് സംഭവമെന്ന് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു. ‘മഹാത്മാഗാന്ധിക്കുനേരെ നിറയൊഴിച്ച ഭ്രാന്തിന് കുറവുവന്നിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. ഇതിനെ ഒരു വ്യക്തിയുടെ മാനസിക നിലയായി കാണാനാവില്ല.’ സംഘപരിവാറിന്‍റെ വര്‍ഗീയ പ്രചാരണമാണ് ഇത്തരം മാനസിക നിലക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നു.